ഫണിരാജനുമേൽ നടമാടുകയായ്
മണിവർണ്ണനതാ ഗുരുവായുപുരേ
അണിഭൂഷകളോടഥ കണ്ടു മുദാ
പണിയുന്നിതു പാദസരോജയുഗം
മണിവേണു വലംകരതാരിലുമാ
ഫണിതന്നുടെ വാൽ മറുകൈയിലുമായ്
ചരണങ്ങളുയർത്തിയുലച്ചു മുദാ
തിരുനർത്തനമാടുകയാണു ഹരി
മുടിമേലഥ മാലകൾ പീലികളും
നിടിലേ ചെറുഗോപി, ചെവിക്കു സുമം
കനകാഭരണങ്ങളണിഞ്ഞു, ഗളേ
വനമാല ധരിച്ചു ലസിപ്പു ഹരി
വള, തോൾവള,കിങ്ങിണി, കോണകവും
തളയും തെളിയുന്നിതു പൂവുടലിൽ
ഉരഗത്തിനുമേൽ പദമൂന്നിയതാ
ഹരി കാളിയമർദ്ദനമാടുകയായ്
മൃദുഹാസസുധാരസവും, ഹരിതൻ
പദതാളവുമിന്നു നുകർന്നുതൊഴാം
മദമോഹമതൊക്കെയകന്നിടുവാൻ
പദതാരിണയാശ്രയമേകിടണേ
പുരുഭക്തി വളർന്നിടുവാനകമേ
ചരണങ്ങളമർത്തുക കണ്ണ! സദാ
ദുരിതങ്ങളകറ്റിടണേ സതതം
ഗുരുവായുപുരേശ്വര! കൃഷ്ണ! ഹരേ!
(വൃത്തം: തോടകം)