ഗുരുവായൂർ: ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് മുക്കു പണ്ടമാണെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ് കുമാർ. വൻ വില ഈടാക്കിയാണ് സ്വർണ ലോക്കറ്റ് ദേവസ്വം വിതരണം നടത്തിയത്. ഇതിൻ്റെ മറവിൽ വലിയ അഴിമതി നടന്നതായി കരുതേണ്ടിയിരിക്കുന്നു.
ഭക്തർ ഭഗവാന് കാണിക്കയായി സമർപ്പിക്കുന്ന സ്വർണമാണ് ദേവസ്വം ലോക്കറ്റുകളാക്കി അമിത വിലക്ക് വില്ക്കുന്നത്. അതിലും വെട്ടിപ്പ് നടത്തുന്നുവെന്നത് ഗുരുവായൂരപ്പ ഭക്തരോടുള്ള വെല്ലുവിളിയാണ്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും അനീഷ് കുമാർ പറഞ്ഞു.
കേരളത്തിൽ യുഡിഎഫും എൽ ഡി എഫും മാറി മാറി അധികാരത്തിലെത്തുമ്പോൾ ദേവസ്വം ബോർഡുകൾ വഴി ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന ബി ജെ പി നിലപാട് ശരിയെന്ന് വീണ്ടും വ്യക്തമാവുകയാണ്. സംഭവത്തിൽ ഉടൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സ്വർണ ലോക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട ഭരണ സമിതിയംഗങ്ങളേയും ജീവനക്കാരെയും മാറ്റി നിർത്തിയാകണം അന്വേഷണം.