ഗുരുവായൂർ: 1964 ൽ സ്ഥാപിതമായ ശ്രീകൃഷ്ണ കോളേജ് ആറു പതിറ്റാണ്ടുകളായി പ്രഗത്ഭരായ അധ്യാപകരുടെയും വിദ്യാഭ്യാസ ചിന്തകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ധിഷണാപരമായ സംഭാവനകളിലൂടെ പുരോഗതി നേടി അറുപതാം വർഷത്തിലേക്ക് പ്രവേശിച്ചിരിയ്ക്കുന്നു.ജൂലൈ 17, 18 തീയതികളിലായി ഗുരുവായൂർ, ശ്രീകൃഷ്ണ കോളേജിൽ വെച്ച് അറുപതാം സ്ഥാപിത ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഏറെ ക്രിയാത്മകമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് മികച്ച പഠന ഗവേഷണ നിലവാരവും ജനാധിപത്യബോധവും ഉള്ള മികവിൻ്റെ കലാലയമായി ശ്രീകൃഷ്ണ കോളേജ് നിലകൊള്ളുന്നു.മികച്ച അക്കാദമിക സെമിനാറുകൾ ,കലാകായിക സാംസ്കാരിക പരിപാടികൾ ,ശാസ്ത്രമേളകൾ ഉൾപ്പെടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്. ശ്രീകൃഷ്ണയിൽ സേവനമനുഷ്ഠിച്ച പൂർവ്വ അദ്ധ്യാപക- അനദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മഹാ സംഗമമാണ് ഈ ദിവസങ്ങളിൽ കലാലയം സാക്ഷ്യം വഹിയ്ക്കുന്നത്. 80 വയസ്സ് പിന്നിട്ട ശ്രീകൃഷ്ണ കോളേജിലെ പൂർവ്വ അദ്ധ്യാപകരെയും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭരായ പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കുന്നു.
ശ്രീകൃഷ്ണയുടെ ചരിത്രവും വളർച്ചയും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന സ്മരണികയുടെ പുറംചട്ടയുടെ പ്രകാശനവും തീം സോങ് അവതരണവും ഉണ്ടാകും. ശ്രീകൃഷ്ണയുടെ പൂർവ്വ വിദ്യാർത്ഥികളായ സംഗീത പ്രതിഭകൾ നേതൃത്വം നൽകുന്ന സംഗീത സമന്വയം,വിവിധ കലാസാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്