നൃസിംഹമൂർത്തിയായതാ മരുത്പുരേശവിഗ്രഹം
ലസിപ്പു ശ്രീലകത്തു, ചോരചിന്തി ഘോരരൂപമായ്
മടിത്തടത്തിലുള്ള ദൈത്യദേഹമാ നഖങ്ങളാൽ,
പിളർന്നു കീറിടുന്നമട്ടിലാണുകാണ്മതിന്നു ഹാ!
വിളങ്ങിടുന്നു സിംഹരൂപമായ് മുഖം, കരങ്ങളിൽ
തിളങ്ങിടുന്നു ശംഖമൊന്നു ചക്രമൊന്നുമിന്നതാ
ചതുർഭുജങ്ങളാണു , മറ്റു രണ്ടു കൈകളാലതാ
വധിച്ചിടുന്നു ഘോരദൈത്യരാജനാം ഹിരണ്യനെ
ജടയ്ക്കുതാഴെ നെറ്റിമേലെ ഗോപിയുണ്ടതാ സടയ്-
ക്കിടയ്ക്കു മിന്നിടുന്നു പൊൻസുമങ്ങളിന്നു കാതിലായ്
ഞൊറിഞ്ഞ പട്ടുടുത്തു, പൊൻചിലമ്പണിഞ്ഞ വിഗ്രഹം
നിറഞ്ഞ ഭക്തിയോടെ കണ്ടു കൈവണങ്ങുകേവരും
ഉറക്കെ നാമമന്ത്രമോതിയിന്നു കാല്ക്കൽ വീണിടാം
മരുത്പുരേശ! ഭക്തരക്ഷകാ!മുകുന്ദ! പാഹിമാം!
മനസ്സിലുള്ളഹന്ത, ഭീതിയൊക്കെ നീക്കി സന്തതം
തുണയ്ക്കുവാൻ തൊഴുന്നിതാ നൃസിംഹമൂർത്തയേ!നമഃ
(വൃത്തം: പഞ്ചചാമരം)