ഗുരുവായൂർ: തീർത്ഥാടന നഗരമായ ഗുരുവായൂരിൽ ഒറ്റത്തവണ ഉപയോഗമുള്ള ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും പൊതുജന പങ്കാളിത്തത്തോടെ പൂർണ്ണമായും ഒഴിവാക്കുന്നതിന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന വ്യാപാരി സംഘടനകളുടെ യോഗത്തിൽ ധാരണയായി.
സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷൈലജ സുധന്‍, എ സായിനാഥന്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഫീഖ് സി, ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം അംഗങ്ങള്‍, വ്യാപാരി വ്യവസായി, ഹോട്ടല്‍, ലോഡ്ജ് അസോസിയേഷന്‍ പ്രതിനിധികള്‍, പൂക്കച്ചവടക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
2024 ആഗസ്റ്റ് 15 ന് മുമ്പായി പേപ്പർ / പ്ലാസ്റ്റിക് / തെർമോകോൾ എന്നിവ കൊണ്ടുള്ള കപ്പ്, പ്ലേറ്റ്, ഐസ് ക്രീം ബൗളുകൾ എന്നിവ വില്പന നടത്തുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കുവാൻ യോഗത്തിൽ തത്വത്തിൽ തീരുമാനമായി.
കല്യാണമണ്ഡപങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ സിംഗിൾ യൂസ് ഐറ്റംസ് ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതും, മറ്റു കച്ചവട സ്ഥാപനങ്ങൾ ഇവയുടെ കച്ചവടം ഗുരുവായൂർ നഗരസഭ പ്രദേശത്ത് പൂർണ്ണമായും നിർത്തി വക്കേണ്ടതുമാണ്.
ഗുരുവായൂരിനെ ശുചിത്വ സുന്ദര നഗരമാക്കി നിലനിർത്തുന്നതിന് ഏവരുടേയും സഹകരണം ഉണ്ടാകണമെന്ന് എന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അറിയിയിച്ചു.