ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടപ്പുരയുടെ വടക്ക് ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഭഗവതിക്കെട്ട് വഴി ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള ഭക്തരുടെ പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം തൽക്കാലത്തേക്ക് മാറ്റിവെച്ചു. അവധി ദിനങ്ങളിൽ ഭക്തജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം ഒഴിവാക്കുന്നതിനാണ് അടിയന്തിര നടപടി.
ജൂലൈ 12 വൈകിട്ട് 7മണി മുതൽ ജൂലൈ 16 വൈകുന്നേരം വരെ ഭക്തജനങ്ങൾക്ക് ഭഗവതിക്കെട്ടു വഴി ക്ഷേത്രത്തിൽ പ്രവേശിക്കാം. അതേ സമയം ജൂലൈ 17 ബുധനാഴ്ച രാവിലെ 7 മണി മുതൽ ജൂലായ് 19 രാത്രി 7 മണി വരെ ഭഗവതിക്കെട്ട് വഴിയുള്ള ഭക്തരുടെ ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. കിഴക്കേ നടപ്പുര പന്തൽ വിപുലീകരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണിത്.
ശ്രീകോവിൽ നെയ്യ് വിളക്ക് ശീട്ടാക്കുന്നതിനുള്ള പ്രത്യേക കൗണ്ടർ പ്രസ്തുത ദിവസങ്ങളിൽ ക്ഷേത്രം തെക്കുഭാഗത്തെ വഴിപാട് കൗണ്ടറിന് സമീപവും ക്ഷേത്രത്തിനകത്ത് വടക്ക് ഭാഗത്തും പ്രവർത്തിക്കുന്നതാണെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.