ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന ഭക്ത ജനങ്ങൾക്ക് മണിക്കൂറുകളോളം ക്യൂ നിന്നു കൊണ്ട് വേണം ശ്രീ ഗുരുവായൂരപ്പനെ ദർശിക്കുവാൻ. ഭക്തജന തിരക്കുള്ള ദിവസങ്ങളിൽ നിലവിലെ ക്യൂ നിൽക്കുന്നതിനുള്ള ഷെഡ് നിറഞ്ഞ് ഭക്ത ജനങ്ങളുടെ നീണ്ട നിര തെക്കെ നടയിലേയ്ക്കും, മഴയും വെയിലുമേറ്റ് റോഡിലൂടെ പടിഞ്ഞാറെ നടവരെ നീളുന്നത് സാധാരണ കാഴ്ചയാണ്.
2010ൽ ക്യൂ കോപ്ലക്‌സ് പണിയുന്നതിൻ്റെ പേരിലാണ് തെക്കെ നടയിൽ സ്ഥലം ഏറ്റെടുത്തത്. മറ്റൊരു ഭരണസമിതി കിഴക്കെ നടയിൽ സത്രം കോമ്പൗണ്ടിൽ ക്യൂ കോംപ്ലക്സ് പണിയുന്നതിന് തറക്കല്ലിട്ടു. പിന്നീട് കാലാ കാലങ്ങളിൽ വന്ന ഭരണ സമിതികൾ കിഴക്കെ നടയിലെ വൈജയന്തി കോംപ്ലക്സ‌്, വൈജയന്തി കോംപ്ലക്സിന്റെ വടക്കുഭാഗം, പൂതേരി ബംഗ്ലാവ് നിന്നിരു സ്ഥലം, തെക്കെ നടയിലെ ഫ്രീ സത്രം തുടങ്ങി ആറോളം സ്ഥലങ്ങളിൽ ക്യൂ കോംപ്ലക്സ് പണിയുവാൻ ആലോചനയുണ്ടായി. എന്നാൽ, നാളിതു വരെയായി ആധുനിക സൗകര്യങ്ങളോട് കൂടിയ ക്യൂ കോംപ്ലക്സ് ഗുരുവായൂരിൽ ഒരു സ്വപ്നമായി അവശേഷിക്കുന്നു.
7 കോടിയോളം രൂപ പ്രതിമാസം ഭണ്ഡാരവരവ് മാത്രം ലഭിക്കുന്ന ഈ ദേവസന്നിധിയിൽ എത്തുന്ന ഭക്തജനങ്ങൾ ഇന്നും താൽകാലിക ഷെഡ്ഡുകളിലും മഴയും, വെയിലുമേറ്റ് ദുരിതമനുഭവിച്ചാണ് ഭഗവാനെ ദർശിക്കുന്നത്.
ക്ലോക്ക് റൂം, ടോയ്ലറ്റ്, വഴിപാട് ശീട്ടാക്കൽ, ലഘുഭക്ഷണശാലകൾ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ക്യൂ കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അടിയന്തിരമായി തീരുമാനമെടുക്കണമെന്ന് ഗുരുവായൂർ മർച്ചൻറ് അസോസിയേഷനു വേണ്ടി പ്രസിഡൻ്റ് ടി എൻ മുരളി, ലോഡ്ജ് ഓണേർന്ന് അസോസിയേഷൻ പ്രസിഡൻ്റ് ജി കെ പ്രകാശൻ, ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റിന് മുഹമ്മദ് യാസിൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് സി ഡി ജോൺസൺ, ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് ബാലൻ വാറണാട്ട്, പൈതൃകം ഗുരുവായൂരിനുവേണ്ടി അഡ്വ രവി ചങ്കത്ത്, ദൃശ്യ ഗുരുവായൂരിന് വേണ്ടി കെ കെ ഗോവിന്ദദാസ്,, റോട്ടറി ക്ലബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജിന് വേണ്ടി പി ഗോപാലകഷ്ണൻ നായർ, എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ പ്രസിഡൻ്റ് പ്രേമാനന്ദൻ പി എസ് എന്നിവർ സംയുക്തമായി നിവേദനം നൽകി.