രാധയോടൊത്തിന്നു ശ്രീലകത്തുണ്ടതാ
ചന്ദനച്ചാർത്തിൽ മരുത്പുരേശൻ
ഭൂഷകൾ ചാർത്തിയിന്നാ മുരളീധരൻ
വേണുവൂതീടുന്നു മോദമോടേ
തോളിൽ തലചായ്ച്ചു നില്ക്കുന്നു രാധിക
രാഗാർദ്രമാം മൃദുഹാസമോടേ
കണ്ണന്റെ പൂങ്കുഴൽനാദത്തിലങ്ങലി-
ഞ്ഞാനന്ദമോടങ്ങു നില്പൂ രാധ.
പൊന്മകുടം, മാല കണ്ണന്റെ മൗലിയിൽ
നെറ്റിമേൽ, പൊൻഗോപി, കാതിൽ പൂക്കൾ
പൊന്മണിമാലകൾ, നല്‌വനമാലകൾ
കൈയിൽ വളകളും കാണ്മൂ ഭംഗ്യാ
പൊൻകസവാട ഞൊറിഞ്ഞുടുത്തിട്ടുണ്ടു
ചെമ്പട്ടിനാലരക്കെട്ടുമുണ്ട്
കുമ്പയോടൊട്ടിയാ കിങ്കിണി മിന്നുന്നു
തൃച്ചരണങ്ങളിൽ പൊൻതളയും
രാധയും പൊന്മണിഭൂഷകൾ ചാർത്തിയി-
ന്നാഹാ! വിളങ്ങുന്നു ചാരെ മോദാൽ
ചെമ്പട്ടുചേല, മുലക്കച്ച, ഭൂഷകൾ
മിന്നുന്നു രാധികതന്റെ മെയ്യിൽ
നെയ്ത്തിരിദീപത്തിൻ പൊൻപ്രഭ മങ്ങുന്നു
തൂമന്ദഹാസപ്രഭയിലാഹാ
ചേതോഹരദൃശ്യം ചിത്തതാരിൽ ചേർത്തു
നിർവൃതിക്കൊള്ളുന്നു ഭക്തചിത്തം
കൃഷ്ണാ ! ഹരേ! ജയ! രാധേ! ജയ! കൃഷ്ണാ!
വായുഗേഹാധിപാ! കൃഷ്ണാ! ഹരേ!
രാധേ! രാധേ! കൃഷ്ണാ!രാധേ! രാധേ! കൃഷ്ണാ!
വേണുഗോപാലകാ ! പാലയമാം
(വൃത്തം: മഞ്ജരി)