കണ്ണനതാ ഗുരുവായുപുരേ
ദാമോദരനായ് നില്ക്കുന്നു
വെണ്ണ വലംകരതാരിലുമാ
വേണുവിടംകൈയിലുമുണ്ടേ
പീലി, മലർമാല്യങ്ങളുമാ
മൗലിയിലിന്നഥ കാണുന്നു
ഫാലേ ഗോപി, ചെവിപ്പൂക്കൾ
ചേലായിന്നു തിളങ്ങുന്നു
പൊൻവളയം, പൊന്മണിമാല
നല്‌വനമാലകളൊത്തിന്നും
നെഞ്ചിലമർന്നു ലസിക്കുന്നു
മഞ്ജുളവിഗ്രഹമതിലായി
കൈവള തോൾവള മിന്നുന്നൂ
പൂവുടലിൽ ചേർന്നതിഭംഗ്യാ
കുമ്പയ്ക്കങ്ങനെ ചുറ്റീട്ടി-
ന്നൻപൊടു ദാമം കാണുന്നു
ചാരത്തങ്ങുരലിന്മേലേ
ചേരുന്നൂ കയറിന്നറ്റം
ബന്ധിതനായൊരു കണ്ണനതാ
മന്ദസ്മിതമധു തൂകുന്നൂ
പൊൻകസവിൻ പട്ടാടയതും
കുമ്പയൊടൊട്ടുംകിങ്ങിണിയും
കണ്ണനു ഭൂഷകളായ് ചേലായ്
കാന്തി പകർന്നുലസിക്കുന്നു
പിഞ്ചുപദങ്ങളിലിന്നാഹാ
കൊഞ്ചുന്നൂ തള മോദമൊടേ
അത്തളനാദം നുകരാനായ്
ചിത്തമുണർത്തിഭജിച്ചീടാം
അത്തിരുമേനി പുണർന്നീടാം
ഭക്തിയൊടിന്നു വണങ്ങീടാം
തൃച്ചരണങ്ങളിൽ വീണീടാം
സ്വച്ഛമിരുന്നുജപിച്ചീടാം
ദാമോദര ! ഹരി! കൃഷ്ണ! ഹരേ!
വായുപുരേശ്വര! കൃഷ്ണ ഹരേ!
കൃഷ്ണ! ഹരേ! ജയ ! കൃഷ്ണ ഹരേ!
നാരായണ! ഹരി! കൃഷ്ണ! ഹരേ!
(വൃത്തം: ലളിതതരംഗിണി)