ആദ്യാവതാരരൂപത്തിൽ കാണാം
വാതാലയേശനെയിന്ന്
മേലേ ചതുർബാഹുരൂപം താഴെ-
ചേലെഴും മത്സ്യാകൃതിയും
ശംഖവും ചക്രം വരദാഭയ-
മുദ്രയും തൃക്കൈകളിലായ്
ചേർത്ത മഹാവിഷ്ണുരൂപം കാണ്മൂ
മേലെപ്പകുതിയിലാഹാ!
പൊൻകിരീടം, മലർമാല ; ഫാലേ
പൊൻഗോപി, കാതിൽ പൊൻപൂക്കൾ
സ്വർണ്ണമാല്യം, വന്യമാല്യം, കാണ്മൂ
ഭൂഷയായ് വിഗ്രഹത്തിങ്കൽ
കങ്കണം , തോൾവള കൈയിൽ, പൊന്നിൻ-
കിങ്കിണിച്ചാർത്തുണ്ടരയ്ക്കും
ചെഞ്ചുണ്ടിൽ പുഞ്ചിരിച്ചേലോടിന്നു
വാതാലയേശൻ ലസിപ്പൂ
ഭക്തർക്കു ദർശനമേകും വായു-
ഗേഹാധിപൻ്റെ കടാക്ഷം
ഭക്തിപൂർവ്വം നുകർന്നീടാം, ചിത്തേ
ചേർത്തിന്നു കൈവണങ്ങീടാം
ഉച്ചത്തിൽ നാമം ജപിക്കാമിന്നു
കാല്ക്കൽ നമസ്കരിച്ചീടാം
മത്സ്യമൂർത്തേ! മഹാവിഷ്ണോ ! പരി-
പാഹിമാം വാതാലയേശാ!
(വൃത്തം: താരാട്ട്)