ശംഖം, ചക്രം, ഗദയും കമലവു – മക്കൈകളിലങ്ങേന്തിയതാ
ചേണെഴുമാ വിഗ്രഹമതു മുന്നിൽ
കാണാം കളഭച്ചാർത്തിലതാ
ബാലകരൂപം കാണ്മൂ, പ്രഭുവിൻ
ലീലകളദ്ഭുതമതു കാണാം
പട്ടിൻ കോണമുടുത്തുലസിപ്പൂ
നാരായണനായ് വായുപുരേ
തല്ലജസൂനം ചേർത്തൊരു കൈയിൽ
പുല്ലാങ്കുഴലും കാണുന്നൂ
നാരായണനോ മുരളീധരനോ
ചാരെക്കാണ്മതു ചിരിതൂകി
പൊന്മകുടം, പൂമാല, ചെവിപ്പൂ
പൊന്മണിമാലകൾ, വനമാല
പൊൻവള, കിങ്ങിണി, കാൽത്തളയും ഹാ!
കാണാം ഭൂഷകളായിന്നും
കാരാഗൃഹമതിലമ്മയ്ക്കായി
കണ്ണൻ കാട്ടിയൊരാരൂപം
ദീപപ്രഭയിൽ ശ്രീകോവിലിലായ്
ചേലൊടു മുന്നിൽ തെളിയുന്നോ?
മോഹനദൃശ്യം കണ്ടതിഭക്ത്യാ
ചിത്തമുറക്കെ ജപിക്കുമ്പോൾ
കാൽക്കൽ വണങ്ങാം, കൈതൊഴുതീടാം
വായുപുരേശ്വര! പാലയമാം
കൃഷ്ണ! ഹരേ! ജയ!കൃഷ്ണ! ഹരേ! ജയ!
കൃഷ്ണ! ഹരേ! ജയ! പാലയമാം
നാരായണ ഹരി നാരായണ ഹരി!
വായുപുരേശ്വര! കൃഷ്ണ! ഹരേ!
( വൃത്തം: ന്യൂനതരംഗിണി)