കാണാമിന്നു മരുത്പുരേ,ചേലായ്
വേണുഗോപാലവിഗ്രഹം
തൃക്കരങ്ങളാൽ വേണു ചുണ്ടോടു
ചേർത്തുനില്ക്കുന്നു മോദമായ്
പൊൻകിരീടം, പൂമാല, മൗലിയിൽ
തങ്കഗോപിയാ നെറ്റിമേൽ
പൊൻവളയം കഴുത്തിൽ, കാതിൽപ്പൂ
പൊൻവളകളത്തൃക്കൈയിൽ
വന്യമാലകൾ, ഗോപി മൂന്നെണ്ണ-
മിന്നു കാണുന്നു മാറിലായ്
പൊന്നരഞ്ഞാണം,പട്ടുകോണകം
കണ്ണൻ്റെ മെയ്യിൽ കാണുന്നു
തൃച്ചരണം പിണച്ചുനില്ക്കുന്നു
കാൽത്തളയുണ്ടതിന്മേലേ
പുഞ്ചിരി തൂകി,പൂങ്കുഴലൂതു –
മഞ്ജനവർണ്ണാ! കുമ്പിടാം
കൃഷ്ണ! കൃഷ്ണ! മരുത്‌പുരേശ്വരാ
കൃഷ്ണ , കാർവർണ്ണാ ! കൈതൊഴാം
കൃഷ്ണ പാഹിമാം , കൃഷ്ണ പാഹിമാം
പാഹിമാം മുരളീധരാ !
(വൃത്തം: ഓമനക്കുട്ടൻ )