കൂർമ്മമായ് പണ്ടു മന്ദരപർവ്വതം
താങ്ങിനിർത്തിയ നാരായണരൂപം
കണ്ടുകൈതൊഴാം വാതാലയത്തിലെ
ചന്ദനച്ചാർത്തിലിന്നു ശ്രീകോവിലിൽ
കീഴെ പാതിമെയ് കൂർമ്മരൂപത്തിലും
മേലെയങ്ങു മഹാപ്രഭുരൂപവും
ചേലൊടിന്നു ചമച്ചതാ കാണുന്നൂ
മാലകറ്റുവാൻ ഭക്ത്യാ വണങ്ങിടാം
നാലു തൃക്കാൽ, പുറംതോടുമങ്ങതാ
കാണ്മൂ ഭംഗിയായ് താഴെപ്പകുതിയിൽ
മേലെയിന്നു ചതുർബാഹുവായ് കൈയിൽ
ശംഖചക്രങ്ങളേന്തി വിളങ്ങുന്നു
രണ്ടു കൈകളിലായ് വരദാ,ഭയ-
മുദ്രയോടെ വിളങ്ങുന്നു മാധവൻ
നെയ്‌വിളക്കിൻ്റെ ശോഭയിൽ വിഗ്രഹം
വർണ്ണമാർന്നു തിളങ്ങുന്നു കാണുവിൻ
പൊൻകിരീടം , മലർമാല, ഗോപിയും
കാതിലായ് പൂക്കൾ കങ്കണജാലവും
കിങ്ങിണിയും വനമാലകളുമാ
വിഗ്രഹത്തിൽ തിളങ്ങുന്നു ഭൂഷയായ്
ഈ മഹാസാഗരത്തിലുലയാതെ
നമ്മെയൊക്കെയും ചെമ്മേ നയിച്ചിടും-
വായുഗേഹാധിപൻ്റെ പദങ്ങളിൽ
ഭക്തിപൂർവ്വം നമസ്കരിച്ചീടുവാൻ
ചിത്തമെത്തട്ടെ വാതാലയത്തിലായ്
കാല്ക്കൽ വീണിടാം ഭക്ത്യാ വണങ്ങിടാം
നാമഘോഷം മുഴക്കിടാമുച്ചത്തിൽ
കൃഷ്ണ! കൃഷ്ണാ ! മുകുന്ദാ! ജനാർദ്ദനാ !
കൃഷ്ണ! വാതാലയേശ്വരാ! പാഹിമാം
( വൃത്തം: സർപ്പിണി (പാന))