വായുഗേഹേ ശ്രീലകത്തായ് ചമ്രം പടിഞ്ഞിരിക്കുന്ന
കായാമ്പൂവർണ്ണനെക്കാണാം ചന്ദനച്ചാർത്തിൽ
വലംകൈയാൽ, നിറഞ്ഞുള്ള വെണ്ണക്കുടം ചേർത്തുവച്ചു
പാലൊളിപ്പുഞ്ചിരിതൂകിയിരിപ്പൂ കണ്ണൻ
പൊൻകിരീടം, മലർമാല, ഫാലഗോപി, കാതിൽ പൂക്കൾ
കങ്കണങ്ങൾ, തോൾവളകൾ വന്യമാല്യങ്ങൾ
അഞ്ചു ഗോപീതിലകങ്ങൾ മാലപോലേ പതിച്ചതും
അഞ്ജനവർണ്ണൻ്റെ മെയ്യിൽ ഭൂഷയായ് കാണ്മൂ
കിങ്ങിണിച്ചാർത്തുണ്ടു ഭംഗ്യാ കുമ്പമേലങ്ങൊട്ടിക്കാണാം
തൂങ്ങിനില്ക്കുംപൊന്നലുക്കങ്ങുണ്ടതിന്മേലേയായ്
പട്ടുകൗപീനം ധരിച്ചു, കാൽത്തളയണിഞ്ഞകണ്ണൻ
ഓടക്കുഴലരയ്ക്കങ്ങു തിരുകിക്കാണ്മൂ
തൃക്കൈകളിലമർന്നിടാൻ കൊതിപൂണ്ടെന്നപോലാഹാ!
അക്കുടത്തിൽനിന്നു വെണ്ണ തുളുമ്പുന്നുണ്ടേ
ചിത്തമിന്നു വെണ്ണപോലേയാർദ്രമാക്കാം ഭക്തിപൂർവ്വ-
മത്തൃപ്പദേ സമർപ്പിക്കാം നാമം ജപിക്കാം
നാരായണാ നാരായണാ നാരായണാ നാരായണാ
വാതാലയേശ്വരാ! കൃഷ്ണാ! പാഹിമാം ശൗരേ !
നാരായണാ! കൃഷ്ണാ! ഹരേ! നാരായണാ! കൃഷ്ണാ! ഹരേ!
വാതാലയേശ്വരാ! പരിപാഹിമാം കൃഷ്ണാ
!
( വൃത്തം: നതോന്നത)