ഗുരുവായൂർ: ലഹരിക്കെതിരെ പുസ്തക ചങ്ങാത്തവും രക്തദാനവും ശീലമാക്കിയ പി.ജെ. സ്റ്റൈജുവിനെ ലോക ലഹരി വിരുദ്ധ ദിനാചരണത്തിൽ വേറിട്ട ആദരം.
മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ സ്റ്റൈജു തൃശ്ശൂർ ജില്ലയിലെ 97 സ്കൂളുകളിൽ ലഹരിക്കെതിരെ പുസ്തകചങ്ങാത്ത പദ്ധതി വഴി മുവായിരത്തിലധികം പുസ്തകങ്ങൾ വിതരണം ചെയ്തതും 78 തവണ രക്തം ദാനം ചെയ്തതും വിലിയിരുത്തിയാണ് ആദരിച്ചത്.
24 കേരള ബെറ്റാലിയൻ എൻ.സി.സിയുടെ ജില്ലാതല ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി തൈക്കാട് വി ആർ അപ്പു മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിലാണ് ആദരം നടന്നത്.
യുദ്ധസേവ മെഡൽ ജേതാവ് ബ്രിഗേഡിയർ എൻ.എ സുബ്രഹ്മണ്യൻ ഉപഹാരം നല്കി. ഗുരുവായൂർ നഗരസഭ കൗൺസിലർ
ഷിൽവജോഷി, സ്കൂൾ മാനേജർ വി.ബി ഹീരാലാൽ, പ്രിൻസിപ്പാൾ ജിത മോൾ പി. പുല്ലേലി, സൈനികരായ ഷംസുൽ റഹ്മാൻ, രഞ്ജിഷ് ടി ആർ ലഫ്റ്റനൻ്റ അബ്ദുൾ അസിസ് കെ, സ്കൂൾ പ്രധാനാധ്യാപിക ചിത്ര ആർ നായർ എന്നിവർ ചേർന്ന് മാസ്റ്ററെ പൊന്നാട അണിയിച്ചു.
ഇത്തരം ആദരവുകൾ കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ ശക്തി പകരുന്നതാണെന്ന് സ്റ്റൈജു മറുപടി പ്രസംഗത്തിൽ പറഞ്ഞു.
24ാം കേരള ബറ്റാലിയൻ എൻ.സി.സിയിലെ മേജർ റാങ്കിലുള്ള അസോസിയേറ്റ്ഡ് എൻ.സി.സി ഓഫിസറാണ് കുനംമൂച്ചി സ്വദേശിയായ പി.ജെ. സ്റ്റൈജു.
2023 കേരളത്തിലെ മികച്ച എൻ.സി.സി ഓഫിസർക്കുള്ള ദേശീയ പുരസ്കാരവും മാസ്റ്റർക്ക് ലഭിച്ചിട്ടുണ്ട്.