ഗുരുവായൂർ: ചലചിത്ര താരം മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ആണ് ഇന്ന് പുലര്‍ച്ചെ മീരയ്‌ക്ക് താലി ചാർത്തിയത്. താലികെട്ടിന്റേയും സിന്ദൂരം ചാര്‍ത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കൾ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാൽജോസാണ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ൽ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. പുതിയ മുഖം, പോത്തൻ വാവ, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.3 എഫ്എമ്മിൽ ആർജെയാണ്.
