ഗുരുവായൂർ: കോടതി നിർദ്ദേശപ്രകാരം സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും നൂറുമീറ്റർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ദേവസ്വം വേഗത്തിലാക്കി. ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപ ദേവസ്വം ലാൻഡ് റവന്യു വിഭാഗത്തിൽ അടച്ചു. 200 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
ലാൻഡ് റവന്യു വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഉടൻ നടപടി ക്രമങ്ങൾ ആരംഭിക്കും. ഇവർക്ക് ആവശ്യമായ ഓഫീസ് സൗകര്യം ദേവസ്വം ഒരുക്കും. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോൾ നൽകിയ നഷ്ടപരിഹാരത്തിനു സമാനമായ രീതിയിലാകും ദേവസ്വം നഷ്ട പരിഹാരം നൽകുക. നിലവിലെ ഭൂമിയുടെ വിലയുടെ ഇരട്ടിയാണ് നഷ്ട പരിഹാരമായി നൽകുക. സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, കച്ച വടസ്ഥാപനങ്ങൾ എന്നിവർക്കും നഷ്ട പരിഹാരം നൽകും.
36സർവേ നമ്പറുകളിലായി 6.94 ഏക്കർ സ്ഥലമാണ് ആദ്യ ഘട്ടത്തിൽ ഏറ്റെടുക്കുന്നത്. ഇന്നർ റിംഗ് റോഡിനുള്ളിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇത് പിന്നീടാകും നടപ്പാക്കുക. ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഏറ്റെടുത്ത് മതിൽ കെട്ടി സംരക്ഷിക്കണമെന്ന് സുരക്ഷാ ഏജൻസി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നൂറുമീറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കുന്നത്.