ഗുരുവായൂർ: കണ്ണനെ കണ്ടു കാണിയ്ക്കയർപ്പിക്കാൻ ഗുരുവായൂരിലേക്ക് തിങ്കളാഴ്ചയും വൻ ഭക്തജന പ്രവാഹം. മധ്യവേനൽ അവധി കഴിഞ്ഞെങ്കിലും ശനിയാഴ്ചയും, ഞായറാഴ്ചയും അവധി ദിവസങ്ങളും, തീങ്കളാഴ്ച ഈദ് പ്രമാണിച്ചുള്ള അവധിയും തുടർച്ചയായി വന്നതിനാൽ ക്ഷേത്രത്തിൽ ഈ ദിവസങ്ങളിൽ വൻ ഭക്തജന തിരക്കായിരുന്നു. അതുപോലെ തന്നെയായിരുന്നു വരുമാനവും ശനി, ഞായർ , തിങ്കൾ ദിവസങ്ങളിൽ യഥാക്രമം 55,08,333 രൂപയും, 78,71,807 രൂപയും,96,99,253 രൂപയായിരുന്നു വരുമാനം എന്നാൽ തിങ്കളാഴ്ചയിലത്തേത് റെക്കോഡ് വരുമാനമാണെന്ന് തന്നെ പറയാം.
ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്ച 96,99,253 രൂപയുടെ വരവുണ്ടായി. 7,10,240 രൂപയുടെ പാൽപ്പായസവും, 648 കുരുന്നുകൾക്ക് ചോറൂണും. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 38,07,500 രൂപയും, തുലാഭാരത്തിന് 31,04,090 രൂപയും, 648 കുരുന്നുകൾക്ക് ചോറൂണുണ്ടായിരുന്നു, 7,10,240 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്,
അസാധാരണവും കഴിഞ്ഞ വിഷുക്കണി ദർശനത്തിനു ഉണ്ടായതിനോട് സാമ്യമുള്ളതുമായ തിരക്കായിരുന്നു ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച കാലത്തു മുതൽ ഉച്ചവരെയും ഉണ്ടായിരുന്നത്. ദർശനത്തിനുള്ള വരി തെക്കേ നടപ്പന്തൽ നിറഞ്ഞ ശേഷം മഹാരാജ കോംപ്ലക്സ് വഴി അയ്യപ്പൻ നായർ മാർട്ട് കഴിഞ്ഞു എത്തി. തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാർ വളരെ പാടുപെട്ടു. അകത്തു ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ, അഡിഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ ജഗദീഷ് എന്നിവരും പുറത്ത് കൊടിമര സമീപം ക്ഷേത്രം ഡി എ പ്രമോദ് കളരിക്കലും നേരിട്ട് തിരക്ക് നിയന്ത്രിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെവിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, എന്നിവർ ഇടയ്ക്കിടെ എത്തി സ്ഥിതിഗതികൾ വിലയിരുത്തി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി.
ഞായറാഴ്ച രാത്രി 9.40 നും തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 നും വരിയിലെ അവസാന ആളെയും കടത്തിവിട്ടിട്ടാണ് നടയടച്ചത്. തിരക്കുള്ള ദിവസം ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരം വഴി നേരിട്ട് ആളെ വിട്ടാണ് ദർശനം അനുവദിച്ചിരുന്നത്. ഈ സമയം ഭക്തർക്ക് പ്രദക്ഷിണം, ശയന പ്രദക്ഷിണം, പാദ പ്രദക്ഷിണം എന്നിവ നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫ്ലൈ ഓവർ വഴി ജനറൽ ക്യു വിടുകയും ഈ വരിയും ചോറൂൺ, നൈവിളക്ക് വരികളും ഊഴം വച്ച് അകത്തേക്ക് വിടുകയും അങ്ങനെ ചെയ്യുമ്പോൾ രണ്ടു വരിയിൽ എത്തുന്ന ആളുകളിൽ ഒരു വരി ബലിക്കല്ല് ചുറ്റി അകത്തേയ്ക്കു വിടുകയും ചെയ്തു. ഇത് കൃത്യമായി രണ്ടു വരിയിൽ തള്ളും തിരക്കും ഒഴിവാക്കി എളുപ്പത്തിലും ക്ലേശം ഇല്ലാതെയും ആളുകളെ അതിവേഗം നാലമ്പലത്തിൽ പ്രവേശിപ്പിക്കാൻ സഹായിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ ഡി എ പ്രമോദ് കളരിക്കലിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഈ സംവിധാനം ഭക്തർക്ക് കണ്ണനെ ഒരു നോക്ക് കാണാൻ പരാതികളില്ലാതെ സാധ്യമായിട്ടുണ്ട്. അതിനാൽ തിരക്കുള്ള ദിവസങ്ങളിൽ ഈ സംവിധാനം പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.