ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് ഡെങ്കുപനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധങ്ങളായ കർമ്മ പരിപാടികൾ നടന്നുവരികയാണ്. ഡെങ്കുപനിക്ക് കൃത്യമായ മരുന്ന് നാളിതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് തന്നെ, ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകൾ കടിക്കാതെ സൂക്ഷിക്കൽ മാത്രമാണ് രോഗം വരാതിരിക്കാനുള്ള മാർഗ്ഗം.
രോഗ പ്രതിരോധത്തിന് ഹോമിയോ വിഭാഗത്തിൽ മാത്രമാണ് പ്രതിരോധ മരുന്നുള്ളത്. പൊതുജനങ്ങളുടെ സൗകര്യാത്ഥം ശ്രീകൃഷ്ണ സ്കൂളിൽ വച്ച് 17-ാം വാർഡ് നിവാസികൾക്കായി നടന്ന ഹോമിയോ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു. കൗൺസിലർ ജ്യോതി, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, ഡോ: ഗ്രീഷ്മ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഹോമിയോ മെഡിക്കൽ ഓഫീസർമാരായ ഡോ: ഗ്രീഷ്മ, ഡോ: ജ്യോതി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഹോമിയോ പ്രതിരോധ മരുന്ന് ഏവരും കഴിച്ചാൽ മാത്രമേ ശരിയായ പ്രതിരോധം കൈവരിക്കൂ. അതു കൊണ്ട് തന്നെ പൊതുജനങ്ങൾ വേണ്ട ജാഗ്രത പുലർത്തണം എന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അറിയിച്ചു
