ഗുരുവായൂർ: സംസ്കൃത ഭാഷാപഠനം കൊണ്ട് മാനവ ജീവിത മൂല്യങ്ങൾ നേടാൻ കഴിയുമെന്നും അത് പൈതൃകപഠനത്തിന് ആക്കം കൂട്ടുമെന്നും ശ്രീ ശങ്കരാചാര്യ സംസ്കൃത സർകലാശാലാ വൈസ് ചാൻസിലർ പ്രൊഫസർ കെ.കെ. ഗീതാകുമാരി പറഞ്ഞു. ഗുരുവായൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഗുരുവായൂർ സംസ്കൃത അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന സംസ്കൃത സംഗമത്തിൽ സംസ്കൃത സേവാരത്നം പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൻ്റെ ജീവിതം സംസ്കൃത സേവനത്തിനായി സമർപ്പിച്ച നാദാപുരം സ്വദേശിയായ രഞ്ജിത്ത് കൊയിലോത്ത് എന്ന യുവ അധ്യാപകനാണ് പുരസ്കാരത്തിന് അർഹനായത്. ഇതോടൊപ്പം ചാവക്കാട് സബ്ജില്ലയിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും ഉണ്ടായി.
ഗുരുവായൂർ ദേവസ്വം വേദ പഠന സാംസ്കാരിക കേന്ദ്രം ഡയരക്ടറായ ഡോ. പി. നാരായണൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്കൃത പഠനത്തിൻ്റെ അഭാവം മലയാളഭാഷയുടെ പ്രയോഗത്തിൽ വരുത്തുന്ന പോരായ്മകളെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആദരപത്ര സമർപണം നടത്തിയത് വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിൻ്റെ സംസ്ഥാന അധ്യക്ഷനായ പ്രൊഫസർ പി.കെ. മാധവനാണ്. അക്കാദമിയുടെ ചെയർമാനായ ഡോ: പി. പദ്മനാഭൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ, കേന്ദ്ര സംകൃത സർവകലാശാലയുടെ

പുറനാട്ടുകരയിലെ ക്യാമ്പസിലെ ജോതിഷ വിഭാഗം മേധാവിയായ ഡോ പി കെ. ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു. അക്കാദമിയുടെ സെക്രട്ടറിയായ ഡോ: ജസ്റ്റിൻ ജോർജ് നന്ദി അറിയിച്ച പരിപാടിയിൽ കെ.യു. കൃഷ്ണകുമാർ , അനുരാഗ് , ടി.കെ. സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗുരുവായൂർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ധാരാളം വിദ്യാർഥികളും സംസ്കൃത അധ്യാപകരും പങ്കെടുത്തു.