ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില പ്രദേശങ്ങളിൽ ഡെങ്കുപനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ,പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന യോഗ തീരുമാനപ്രകാരം നഗരസഭ ആരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.
ആശ, കുടുംബശ്രീ അംഗൻവാടി എന്നീ മേഖലകളിൽ നിന്നുള്ള നൂറോളം സന്നദ്ധ പ്രവർത്തകർ നഗരസഭയുടെ രണ്ട് വാർഡുകളിലായി സോർസ് റിഡക്ഷൻ കാമ്പയിനിൽ അണിനിരന്നു.
പതിനാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും അവരവർക്ക് നിശ്ച്ചയിച്ച ഇടങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും കയറി ബോധവൽക്കരണ പ്രവർത്തനങ്ങളും ഇൻഡോർ സ്പ്രേയിംഗും നടത്തി. വരും ദിവസങ്ങളിൽ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകും. ഡെങ്കുപനി പകർത്തുന്നത് പകൽ സമയത്ത് കടിക്കുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ്. ചെറുതായിട്ടുള്ള നനവുള്ള ഇടങ്ങളിൽ പോലും ഇവ മുട്ടയിട്ട് പെരുകുന്നതാണ്. ശുദ്ധജലത്തിൽ വളരുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം ഇല്ലാതാക്കുന്നതിന് ചെറു വെള്ളത്തുള്ളി പോലും കെട്ടി നിൽക്കാൻ ഇടയില്ലാത്ത വിധം വൃത്തിയും ശുദ്ധിയും പാലിക്കണമെന്ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തുന്നതായി ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.