ന്യൂഡൽഹി: ടാറ്റ മോട്ടേഴ്സിന്റെ പഞ്ച്, നെക്സോൺ എന്നീ കാറുകളുടെ ഇലക്ട്രിക് പതിപ്പുകൾക്ക് 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ്. ഇതോടെ ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിലൂടെ( ഭാരത് എൻക്യാപ്) 5 സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമായി ഇത് മാറി. ക്രാഷ് ടെസ്റ്റ് അടിസ്ഥാനമാക്കിയാണ് സുരക്ഷ നിർണയിക്കുന്നത്.
ടാറ്റയുടെ നേട്ടത്തെ കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി അഭിനന്ദിച്ചു. ” ഇലക്ട്രിക് വാഹനങ്ങളിലാണ് ഇന്ത്യൻ ഗതാഗതത്തിന്റെ ഭാവി, സുരക്ഷിതമായ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിന് ഭാരത് എൻക്യാപ് റേറ്റിംഗ് ഉപഭോക്താക്കളെ സഹായിക്കും. യാത്രക്കാർക്ക് നൽകുന്ന ഉയർന്ന സുരക്ഷയുടെ തെളിവായി ഇത് മാറിയെന്നും”, അദ്ദേഹം എക്സിൽ കുറിച്ചു.
Congratulations to @tataev @TataMotors for achieving a 5-star Bharat NCAP rating for the Punch.ev and Nexon.ev, thus becoming the first ever 5-star rated EVs in the Indian automotive market.
As electric vehicles spearhead the future of mobility in India, a strong Bharat NCAP… pic.twitter.com/VY7f7p0VVQ
— Nitin Gadkari (@nitin_gadkari) June 13, 2024
മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ നെക്സൺ 32-ൽ 29.86 പോയിൻ്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 44.95 പോയിൻ്റും നേടി. അതേസമയം പഞ്ച് മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 31.46, കുട്ടികളുടേതിൽ 49 ൽ 45 പോയിന്റും കരസ്ഥമാക്കി.
സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് റേറ്റിംഗ് നൽകുന്ന ഭാരത് എൻക്യാപ് സംവിധാനത്തിന് 2003 ഒക്ടോബറിലാണ് കേന്ദ്രസർക്കാർ രൂപംനൽകിയത്. ഇതിന് മുമ്പ് ടാറ്റയുടെ തന്നെ വാഹനങ്ങളായ സഫാരി, ഹാരിയർ എന്നിവയ്‌ക്കാണ് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചത്.
ഇടിയുടെ ആഘാതം വിലയിരുത്തുന്ന ക്രാഷ് ടെസ്റ്റുകളെ അടിസ്ഥാനമാക്കിയാണ് സുരക്ഷ നിശ്ചയിക്കുന്നത്. ഡമ്മി ഉപയോഗിച്ച് വിശദമായ പരീക്ഷണ നിരീക്ഷണമാണ് ഓരോ ഘട്ടത്തിലും നടത്തുന്നത്. തല, നെഞ്ച്, കാൽ, വയറ് എന്നിവയ്‌ക്കുണ്ടാകുന്ന ആഘാതമാണ് പ്രധാനമായും വിലയിരുത്തുന്നത്. കൂടാതെ ഇടിയുടെ ആഘാതത്തിൽ എയർ ബാഗിന്റെ പ്രവർത്തനവും ടെസ്റ്റ് സമയത്ത് പരിശോധിക്കും.