ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്‌ട്ര സഹകരണം വളർത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുമായി ചർച്ചകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ജി 7 ഉച്ചകോടി പങ്കെടുക്കാനായി ഇറ്റലിയിലെ അപുലയിൽ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്. ഇറ്റലിയിൽ ഇന്ത്യൻ അംബാസഡർ വാണി റാവുവും മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മൂന്നാമതും അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ വിദേശപര്യടനമാണിത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുക. 2021-ൽ ജി 20 ഉച്ചകോടിക്കായാണ് ഇറ്റലിയിൽ ആദ്യമായെത്തിയതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. കഴിഞ്ഞ വർഷം ഇറ്റാലിയൻ പ്രധാനമന്ത്രി രണ്ട് തവണ ഇന്ത്യൻ സന്ദർശനം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടാൻ ഇത് സഹായകമായെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.