വിം ബിൾഡണിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ടെന്നീസ് താരം റാഫേൽ നദാൽ. പാരീസ് ഒളിമ്പിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതെന്ന് താരം അറിയിച്ചു. അതിന്റെ ഭാഗമായി സ്വീഡനിലെ ബാസ്റ്റയിലെ കളിമൺ കോർട്ടിൽ മറ്റൊരു മത്സരത്തിലേർപ്പെടാനുള്ള ഒരുക്കത്തിലാണ് താരം. ജൂലൈ 27ന് പാരീസ് ഒളിമ്പിക്‌സിന് തുടക്കമാകും.
”പാരീസിലേത് എന്റെ അവസാന ഒളിമ്പിക്‌സാണ്. അതിനാൽ കളിമൺ കോർട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിംബിൾഡൺ നഷ്ടമാകുന്നതിൽ നിരാശനാണ്. പുൽകോർട്ടിൽ പിന്തുണയുമായി ആരാധകരെയും ഞാൻ മിസ്സ് ചെയ്യും.” നദാൽ എക്‌സിൽ കുറിച്ചു. 2008-ലെ ബീജിംഗ് ഒളിമ്പിക്‌സ് ജേതാവാണ് നദാൽ.
22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ നദാൽ വിംബിൾഡണിന്റെ 2008, 2010 പതിപ്പുകളിൽ ചാമ്പ്യനായിട്ടുണ്ട്. സ്പെയിൻകാരനായ നദാലിനൊപ്പം ഒളിമ്പിക്‌സിൽ കാർലോസ് അൽകാരസും മത്സരിക്കാനിറങ്ങും. ഇരുവരും ചേർന്ന് ഒളിമ്പിക്‌സിന്റെ പുരുഷ ഡബിൾസിലും മത്സരിക്കുന്നുണ്ട്.