കൊച്ചി : കുവൈത്തിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള പ്രത്യേക വ്യോമസേനാ വിമാനം കൊച്ചിയിലെത്തി. മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, മറ്റുമന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, തമിഴ്നാട് നിന്നുള്ള പ്രതിനിധികൾ എന്നിവർ എത്തിച്ചേർന്നിട്ടുണ്ട്.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 45 ഇന്ത്യക്കാരുടെ മൃതദേഹമാണുള്ളത്. ഇതിൽ മലയാളികളുടേയും തമിഴ്നാട്ടുകാരുടേയും അടക്കം 31 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ മന്ത്രിമാർ ഏറ്റുവാങ്ങും. ഒരു കർണാടക സ്വദേശിയുടേയും ഏഴ് തമിഴ്നാട് സ്വദേശികളുടേയും മൃതദേഹങ്ങൾ കൊച്ചിയിൽ വച്ച് കൈമാറുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ശേഷം വിമാനം ഡൽഹിയിലേക്ക് തിരിക്കും.
ഏതാനും നേരം കൊച്ചി വിമാനത്താവളത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്‌ക്കുമെന്നാണ് വിവരം. നെടുമ്പാശേരിയിൽ വൻ ജനാവലി എത്തിച്ചേർന്നിട്ടുണ്ട്. മൃതദേഹങ്ങൾ അതത് കുടുംബങ്ങളിലേക്ക് പ്രത്യേക ആംബുലൻസുകളിലാണ് എത്തിക്കുക.