ലക്‌നൗ: സംസ്ഥാനത്ത് മാഫിയകൾക്കും ക്രിമിനലുകൾക്കുമെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടിച്ചമർത്തപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ക്രമസമാധാന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ജനങ്ങൾക്കു വേണ്ടി ജനതാ ദർശൻ പരിപാടികൾ ഉടൻ ആരംഭിക്കും. അഴിമതിവിരുദ്ധ സംസ്ഥാനമായി ഉത്തർപ്രദേശിനെ മാറ്റും. മാഫിയകൾക്കും ക്രിമിനലുകൾക്കുമെതിരെ കർശന നടപടികളും സ്വീകരിക്കും. സംസ്ഥാനത്ത് വിഐപി സംസ്കാരം പ്രോത്സാഹിപ്പിക്കരുതെന്നും യോഗി പറഞ്ഞു. എല്ലാ ജില്ലകളിലെയും പോലീസ് കമ്മീഷണർമാർ, ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്‌ട്രേറ്റുകൾ, പോലീസ് സൂപ്രണ്ടുമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ ക്രമസമാധാന നില അവലോകനവും ചെയ്തു.
വരാനിരിക്കുന്ന ആഘോഷങ്ങളിൽ സമാധാനവും സൗഹാർദവും കാത്തുസൂക്ഷിക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന ഒരു സംഭവവും സംസ്ഥാനത്ത് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.