എറണാകുളം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്രയ്‌ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്തതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അനാവശ്യ വിവാദമാണ് ഉയരുന്നതെന്നും മന്ത്രി വീണാ ജോർജ് പോകേണ്ടതായ സാഹചര്യം ഉണ്ടായിരുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന ദുരന്തം. ദാരുണ സംഭവം. വിദേശകാര്യ മന്ത്രാലയം വേഗത്തിൽ തന്നെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ടി പ്രവർത്തിച്ചുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
ഈ വിവാദം അനാവശ്യമാണ്. സംസ്ഥാനങ്ങളിലെ മന്ത്രിമാരെത്തി ചെയ്ത് തീർക്കേണ്ട അടിയന്തര സാഹചര്യമൊന്നും കുവൈത്തിൽ ഉണ്ടായിരുന്നില്ല. കുവൈത്തിലെ ഏകോപനത്തിന് യാതൊരുവിധ തടസവും ഉണ്ടായിരുന്നില്ല. ഏകോപനത്തിൽ പരാതിയുള്ളതായി ആരും പറഞ്ഞില്ല. പിന്നീട് മന്ത്രീ വീണ ജോർജ് പോകേണ്ടതായ സാഹചര്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉയർത്തുന്നത് അനാവശ്യ വിവാദമാണെന്നും അദ്ദഹം വ്യക്തമാക്കി.
വീണാ ജോർജിന്റെ കുവൈത്തിലേക്കുള്ള യാത്രാനുമതി കേന്ദ്രസർക്കാർ നിഷേധിച്ചതോടെയാണ് അവസാന നിമിഷം യാത്ര മുടങ്ങിയത്. കുവൈത്തിലേക്ക് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായാണ് മന്ത്രി പോകാനിരുന്നത്. കേന്ദ്രത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാതിരുന്നതോടെയാണു മന്ത്രി യാത്ര ഉപേക്ഷിച്ചത്. രാത്രി 9.40ന് പുറപ്പെടുന്ന വിമാനത്തിൽ കയറാൻ വീണാ ജോർജ് 9.30 വരെയും വിമാനത്താവളത്തിലുണ്ടായിരുന്നു. അവസാന നിമിഷം കേന്ദ്ര അനുമതി കിട്ടാതെ വന്നതോടെയാണു യാത്ര ഉപേക്ഷിച്ചത്.