ലഖ്‌നൗ : ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്‌പി) നേതാവ് മായാവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭോജ്പുരി നടനും സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകനുമായ കമാൽ റഷീദ് ഖാനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് കമാൽ റഷീദ് ഖാൻ അപകീർത്തികരമായ പരാമർശം നടത്തിയത്. ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുള്ള ട്വീറ്റ് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500, 509, എസ്‌സി/എസ്ടി ആക്‌ട് എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം കെആർകെക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ദിയോബന്ദ് പോലീസ് സ്റ്റേഷനിലെ എസ്പി സാഗർ ജെയിൻ വ്യാഴാഴ്ച പറഞ്ഞു. ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ കമാൽ റഷീദ് ഖാനെതിരെ ബിഎസ്പി പാർട്ടി പ്രവർത്തകർ ബുധനാഴ്ച രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെആർകെയുടെ സഹോദരൻ മജീദ് അലി നേരത്തെ ബിഎസ്പി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ 15 വർഷമായി തനിക്ക് താരവുമായി യാതൊരു ബന്ധവുമില്ലെന്നാണ് മജീദ് അലി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇത് ആദ്യമായല്ല സോഷ്യൽ മീഡിയയിലെ പരാമർശങ്ങളുടെ പേരിൽ കെആർകെക്കെതിരെ കേസെടുക്കുന്നത്. നേരത്തെ, സെലിബ്രിറ്റികളെയും മറ്റ് പൊതുപ്രവർത്തകരെയും ലക്ഷ്യമിട്ട് അപകീർത്തികരമായ ട്വീറ്റുകൾ നടത്തിയതിന് മുംബൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്‌ക്കുകയും ചെയ്തിരുന്നു.