കൊച്ചി: പ്രധാനമന്ത്രിയുടെ അവലോകനവും നിർദ്ദേശങ്ങളുമാണ് കുവൈത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധന സിംഗ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചു. സാധാരണഗതിയിൽ കുറഞ്ഞത് പത്ത് ദിവസമെങ്കിലും എടുക്കും മൃതദേഹം നാട്ടിലെത്തിക്കാൻ. എന്നാൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാർ ചികിത്സയിൽ തുടരുന്ന അഞ്ചോളം ആശുപത്രികൾ സന്ദർശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 35-ഓളം ഇന്ത്യക്കാരാണ് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. രോഗികളോട് നേരിട്ട് സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ളതിൽ ഭൂരിഭാഗം പേരെയും വരും ദിവസങ്ങളിൽ ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന ഓരോ ആശുപത്രിയിലെയും ജീവനക്കാരോട് നന്ദി അറിയിക്കുന്നുവെന്നും കീർത്തി വർധൻ സിംഗ് പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിറകണ്ണുകളോടെയാണ് കുവൈത്തിൽ പൊലിഞ്ഞവരുടെ ചേതനയറ്റ മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങിയത്. ബന്ധുക്കളും കുടംബാംഗങ്ങളെയും കൂടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള സർക്കാർ പ്രതിനിധികളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിവിധ രാഷ്‌ട്രീയ നേതാക്കളും അമോപചാപരമർപ്പിക്കാൻ എത്തിയിരുന്നു. 49 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വ്യോമസേന വിമാനം കൊച്ചിയിറങ്ങിയത്. ഇതിൽ 23 മലയാളികൾ, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹമാണ് കൊച്ചിയിൽ ഏറ്റുവാങ്ങിയത്.