പാപ്പുവ ന്യൂ ഗിനിയയ്‌ക്കെതിരായ മത്സരത്തിൽ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ലോകകപ്പിന്റെ സൂപ്പർ എട്ടിൽ. 7 വിക്കറ്റിനായിരുന്നു ജയം. ടൂർണമെന്റിലെ അഫ്ഗാനിസ്ഥാന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ കരുത്തരായ ന്യൂസിലൻഡ് സൂപ്പർ 8 കാണാതെ പുറത്തായി. വെസ്റ്റിൻഡീസാണ് ഗ്രൂപ്പ് സിയിൽ നിന്ന് സൂപ്പർ 8ലേക്ക് യോഗ്യത നേടിയ മറ്റൊരു ടീം. സ്‌കോർ അഫ്ഗാനിസ്ഥാൻ 15.1 ഓവറിൽ 101/3 ; പാപ്പുവ ന്യൂ ഗിനിയ 95
പവർ പ്ലേയിൽ തന്നെ പിഎൻജിയെ അഫ്ഗാൻ വരിഞ്ഞ് മുറുകി. പിഎൻജി നായകൻ അസാദ് വാലയെ പുറത്താക്കിയാണ് അഫ്ഗാൻ തുടങ്ങിയത്. പിന്നാലെ വിക്കറ്റുകൾ സ്വന്തമാക്കി ഫസൽ ഫറൂഖി മത്സരം അഫ്ഗാന് അനുകൂലമാക്കി. 30 റൺസിനിടെ 5 വിക്കറ്റുകളാണ് പിഎൻജിക്ക് നഷ്ടമായത്. 27 റൺസ് നേടിയ കിപ്ലിൻ ഡോറിഗ മാത്രമാണ് പിഎൻജി നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. വാലറ്റക്കാരും നിരാശപ്പെടുത്തിയതോടെ പിഎൻജി 95 റൺസിൽ പുറത്തായി. ഫസൽ ഫറൂഖി 3 വിക്കറ്റും നവീൻ ഉൾ ഹഖ് 2 വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന് ഓപ്പണർ ഇബ്രാഹിം സദ്രാന്റെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. ശേഷം റഹ്‌മാനുള്ള ഗുർബാസും മടങ്ങിയതോടെ(11) അഫ്ഗാൻ പതറി. വൺഡൗണായി ക്രീസിലെത്തിയ ഗുൽബുദീൻ നൈബ് പ്രതിരോധിച്ച് കളിച്ചതോടെ അഫ്ഗാൻ മത്സരത്തിലേക്ക് തിരിച്ചു വന്നു. മത്സരത്തിൽ 36 പന്തുകൾ നേരിട്ട താരം 49 റൺസ് സ്വന്തമാക്കി. 4 ബൗണ്ടറികളും 2 സിക്‌സറുകളും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. അസ്മത്തുള്ള ഒമർസായിയാണ്(13) പുറത്തായ മറ്റൊരു താരം.