ലക്നൗ: നവജാത ശിശുക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് എങ്ങനെയെന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ. കുവാരി ബീഗം എന്ന ശിഖ മൈത്രേയെയാണ് (25) ഗാസിയാബാദിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഏകാം ന്യായ് ഫൗണ്ടേഷന്റെ സ്ഥാപകയും സ്വതന്ത്ര പത്രപ്രവർത്തകയുമായ ദീപിക നാരായൺ ഭരദ്വാജിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ശിഖയുടെ അറസ്റ്റിന് മുമ്പ് 22 ലക്ഷത്തിലധികം പേർ അവരുടെ വീഡിയോ കണ്ടിരുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പഠിച്ച ശിഖ, ഡൽഹിയിലെ പ്രമുഖ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് കുൻവാരി ബീഗം എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചത്. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്ന നിരവധി വീഡിയോകൾ ഇവരുടെ ചാനലിലുണ്ട്. .
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ വേണ്ടിയാണ് നവജാത ശിശുക്കളെ ചൂഷണം ചെയ്യുന്ന വീഡിയോ അപ്ലോഡ് ചെയ്തതെന്ന് യൂട്യൂബർ പൊലീസിന് മൊഴി നൽകി. വിഷയം ചർച്ചയായതിന് പിന്നാലെ മറ്റ് യൂട്യൂബർമാരുടെ നേതൃത്വത്തിൽ കുവാരി ബീഗത്തെ ജയിലിടക്കൂ എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
പൊലീസ് പിന്തുടരുന്നെന്ന് മനസിലാക്കിയതിന് പിന്നാലെ നിരവധി വീഡിയോകൾ യുവതി നീക്കം ചെയ്തിരുന്നു. എന്നാൽ വീഡിയോ വ്യാപകമായി പ്രചരിച്ചതിനാൽ നീക്കം ചെയ്യാൻ ഗുഗിളിന്റെ സേവനം പൊലീസ് തേടും. പ്രതിക്കെതിരെ പോക്സോ അടക്കം ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.