എറണാകുളം: ദു:ഖാചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ സ്വീകരണ പരിപാടികൾ റദ്ദാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവർക്ക് കൂടുതൽ ധനസഹായം നൽകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അപകടം സംഭവിച്ചതിന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് കുവൈത്ത് സർക്കാരാണ്. അവർ കാര്യങ്ങൾ നമ്മളെ അറിയിക്കും. അതിനനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇപ്പോൾ നമ്മൾ ചെയ്യേണ്ട കാര്യം ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നതാണ്. നിലവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് 10.30 ഓടെ കൊച്ചിയിലെത്തിക്കും. വിമാനത്താവളത്തിൽ അധിക നേരം പൊതുദർശനം ഉണ്ടാകുകയില്ല. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിക്കും. ഇന്ന് രാവിലെ ഒരാള്‍ കൂടി മരിച്ചതോടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 50 ആയി.