ശ്രീനഗർ: ജമ്മുകശ്മീരിലെ സ്കൂളുകളിൽ ദേശീയഗാനം നിർബന്ധമാക്കി. എല്ലാ സ്കൂളുകളോടും രാവിലെയുള്ള അസംബ്ലി ദേശീയ ഗാനത്തോടെ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
പ്രഭാത അസംബ്ലി 20 മിനിറ്റ് നീണ്ടുനിൽക്കണമെന്നും എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഇതിൽ പങ്കാളികളാകണമെന്നും ഉത്തരവിൽ പറയുന്നു. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് രാവിലെ അസംബ്ലി ദേശീയ ഗാനത്തോടെ ആരംഭിക്കണം. കുട്ടികളിൽ ദേശസ്നേഹം. ഐക്യം, പോസറ്റീവ് ചിന്താഗതി, അച്ചടക്കം എന്നിവ വളർത്താൻ ഇത് സഹായിക്കും. കേന്ദ്രഭരണ പ്രദേശത്തെ പല സ്‌കൂളുകളിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.