കൊച്ചി : കുവൈത്തിൽ മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച് കേരളം. കൊച്ചി വിമാനത്താവളത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചപ്പോൾ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ എത്തി അന്തിമോപചാരമർപ്പിച്ചു. 23 മലയാളികളുടേയും മൃതദേഹങ്ങൾ വിമാനത്താവളത്തിൽ പൊതുദർശനത്തിന് വച്ചിരുന്നു.
കേന്ദ്രമന്ത്രിമാരായ കീർത്തി വർധൻ സിംഗും സുരേഷ് ഗോപിയും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. മരിച്ചവരുടെ ഉറ്റവരിൽ പലരും വിമാനത്താവളത്തിലെത്തി. പൊട്ടിക്കരയുന്നവരെ സമാശ്വാസിപ്പിക്കാൻ ചുറ്റുംകൂടി നിന്നവർ പ്രയാസപ്പെടുന്ന കാഴ്ചയാണ് കൊച്ചിയിലുണ്ടായത്.
ഇവിടെ നിന്നും പ്രത്യേക ആംബുലൻസുകളിൽ ഓരോ മൃതദേഹവും അതത് കുടുംബങ്ങളിലേക്ക് കൊണ്ടുപോയി. ഓരോ ആംബുലൻസിനൊപ്പവും പൊലീസിന്റെ ഒരു പൈലറ്റ് വാഹനവുമുണ്ട്.
മലയാളികളുടേയും തമിഴ്നാട്, കർണാടക സ്വദേശികളുടേയും മൃതദേഹങ്ങൾ കൊച്ചിയിൽ അധികൃതർ കൈമാറിയ ശേഷം വ്യോമസേന വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വിമാനത്തിൽ മഹാരാഷ്‌ട്ര സ്വദേശിയായ ഒരു മലയാളിയുടേത് ഉൾപ്പടെ 14 പേരുടെ മൃതദേഹങ്ങളുണ്ട്.