ബെംഗളൂരു: തുംകുരു ജില്ലയിൽ മലിനജലം കുടിച്ച് 3 വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ ആറ് ആറ് പേർ മരിച്ചു. 110 പേരെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപെട്ടിട്ടുണ്ട്. മലിനീകരണത്തിന്റെ കാരണം കണ്ടെത്താൻ തുംകുരു ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ചികിത്സയിലാണ്.
മധുഗിരിയിലെ മിഡിഗേഷിക്ക് സമീപമുള്ള ചിന്നെ ഹള്ളിയിൽ ക്ഷേത്ര മേളയ്‌ക്കിടെ വെള്ളം കുടിച്ചവർക്കാണ് വയറിളക്കവും ഛർദ്ദിയും ഉണ്ടായത്. ജൂൺ 9 മുതൽ ജൂണ് 13 വരെ വിവിധ ഗ്രാമങ്ങളില് നിന്ന് മേളയ്‌ക്ക് പോയ ആറ് പേരാണ് മരിച്ചത്. മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്താൻ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഫോറൻസിക് സംഘവും സംയുക്തമായി സംഭവം അന്വേഷിക്കുന്നുണ്ട് .
താലൂക്കിലുടനീളം വർഷങ്ങളായി വൃത്തിയാക്കാത്ത ഓവർഹെഡ് ടാങ്കുകൾ വൃത്തിയാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്. പരിശോധനയ്‌ക്കായി ലബോറട്ടറിയിലേക്ക് അയച്ച സാമ്പിളുകളിൽ അണുബാധ സ്ഥിരീകരിച്ചതായി താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ.ശ്രീനിവാസ് പറഞ്ഞു. മേളയ്‌ക്ക് ഏതാനും ദിവസം മുമ്പ് ഓവർഹെഡ് വാട്ടർ ടാങ്കുകൾ വൃത്തിയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ജില്ലയിലെ 2,000 ഗ്രാമങ്ങളിൽ പല ഗ്രാമങ്ങളിലും ജലമലിനീകരണം ഉണ്ടെന്ന് കണ്ടെത്തി. രോഗികളുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പോലീസ് ശേഖരിച്ച് വിശദമായ പരിശോധനക്കായി എഫ്എസ്എല്ലിലേക്ക് അയച്ചിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി മരിച്ചയാളുകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ് അറിയിച്ചു