ചെന്നൈ: കുപ്രസിദ്ധ കുറ്റവാളി മുത്തുകുമാർ ജഗൻ എന്ന കൊമ്പൻ ജഗനെ ഒരു വർഷം മുമ്പ് കൊലപ്പെടുത്തിയതിന് പ്രതികാരമായി തിരുച്ചിറപ്പള്ളി പോലീസ് സൂപ്രണ്ടിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയ പേജുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് കണ്ടെത്തി. തിരുച്ചിറപ്പള്ളിയിൽ നിന്നും മധുരയിൽ നിന്നുമുള്ള ഒരു കൂട്ടം പ്രായപൂർത്തിയാകാത്ത ആൺകുട്ടികളായിരുന്നു ഈ പേജുകൾക്ക് പിന്നിൽ.
പോലീസ് വെടിവെച്ച് കൊന്ന കൊമ്പൻ ജഗനെ പ്രശംസിക്കുന്ന തരത്തിൽ ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തുകയായിരുന്നു. ‘സംഭവങ്ങൾ തുടരും’,എന്നിങ്ങനെയുള്ള ഭീഷണമായ മുന്നറിയിപ്പുകളോടെ കൊമ്പൻ ജഗന്റെ വീഡിയോകളും ഫോട്ടോകളും ഈ പേജുകളിൽ പ്രത്യക്ഷപ്പെട്ടു. കൊമ്പൻ ജഗനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഈ പേജുകൾ ഭീഷണിപ്പെടുത്തി. തല ഉരുളുമെന്ന മുന്നറിയിപ്പോടെ തിരുച്ചിറപ്പള്ളി എസ്പി വി വരുൺകുമാറിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിലേക്ക് പോലും ചില പേജുകൾ പോയി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, അക്കൗണ്ടിന് പിന്നിൽ പ്രവർത്തിച്ചത് തിരുച്ചിറപ്പള്ളിയിൽ നിന്നും മധുരയിൽ നിന്നുമുള്ള പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളുടെ സംഘമാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തു.
പോലീസ് അവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവരുടെ സാന്നിധ്യത്തിൽ കുട്ടികളോട് സംസാരിച്ചു. അത്തരം പ്രവൃത്തികൾക്കെതിരെ അവരെ ഉപദേശിക്കുകയും അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അവരുടെ ഭാവി കണക്കിലെടുത്ത് അവരെ വിട്ടയക്കുകയും ചെയ്തു.
“സോഷ്യൽ മീഡിയയിലെ ലൈക്കിനും ഷെയറിനും വേണ്ടിയാണ് അവർ ഇത് ചെയ്തതെന്ന് തോന്നുന്നു. കുട്ടികൾ എപ്പോഴും ഫോണുമായി കളിക്കുന്നുവെങ്കിൽ, അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ടത് രക്ഷിതാക്കളാണ്, ”എസ്പി വരുൺകുമാർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകവും കവർച്ചയും ഉൾപ്പെടെ നിരവധി കേസുകൾ നേരിടുന്ന പോലീസ് രേഖകളിലെ എ ക്ലാസ് കുറ്റവാളി ആയിരുന്ന കൊമ്പൻ ജഗൻ കഴിഞ്ഞ വർഷം നവംബറിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മണ്ണച്ചനല്ലൂരിനടുത്ത് സനമംഗലം വനമേഖലയിൽ വെച്ചാണ് ജഗനെ പോലീസ് വെടിവെച്ചു കൊന്നത്. സനമംഗലം വനമേഖലയിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചപ്പോൾ പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഇയാളെ വളഞ്ഞിട്ട് പിടികൂടിയപ്പോൾ സബ് ഇൻസ്‌പെക്ടർ വിനോദിനെ ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. തുടർന്ന് ഇൻസ്പെക്ടർ കരുണാകരൻ ഇയാൾക്ക് നേരെ വെടിയുതിർത്ത് കൊലപ്പെടുത്തി എന്നായിരുന്നു പോലീസ് ഭാഷ്യം.
ഇൻസ്റ്റാ റീല് ഭ്രാന്തനായിരുന്ന ജഗൻ മദ്ധ്യ തമിഴകത്തെ യുവാക്കളുടെ ഇടയിൽ പ്രസിദ്ധനായിരുന്നു.പോലീസ് ജഗനെ കൊലപ്പെടുത്തും എന്ന് 10 ദിവസം മുമ്പേ അറിയാമായിരുന്നെന്നും അയാൾ രക്ഷപ്പെടാതിരിക്കാൻ നെഞ്ചോട് ചേർത്ത് വെടിയുതിർക്കുകയാണ് പോലീസ് ചെയ്തതെന്നും ജഗന്റെ ഭാര്യ ആരതി ആരോപിച്ചിരുന്നു.