തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ജീവനക്കാരെ സസ്പെൻ്ഡ് ചെയ്തു. മരണപ്പെട്ടവരുടേത് ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയെടുത്തതായി ധനവകുപ്പിലെ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. 2020-ന് ശേഷം ചെറുതും വലുതുമായ എട്ടോളം തട്ടിപ്പുകളാണ് ട്രഷറിയിൽ നടന്നത്. വ്യാജ ചെക്ക് ഉപയോഗിച്ച് ജീവനക്കാര്‍ 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ധനവകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്. ശ്രീകാര്യം ചെറുവക്കല്‍ സ്വദേശി എം മോഹനകുമാരിയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതിന് പിന്നാലെ നല്‍കിയ പരാതിയെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്.
ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുകയാണെങ്കിൽ ഉടമക്ക് സന്ദേശം ലഭിക്കും. എന്നാൽ, ട്രഷറിയിൽ നിന്നും പണം പിൻവലിക്കുകയാണെങ്കിൽ സന്ദേശം ലഭിക്കില്ല. ഈ സൗകര്യം ഇല്ലാത്തതിനാലാണ് പണം തട്ടിയെടുത്തത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ട്രഷറിയിലെ ഓൺലൈൻ സംവിധാനത്തിനു രൂപംനൽകിയത്. ഇവരോട് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ലെന്നാണ് ധനവകുപ്പ് പറയുന്നത്.