മന്ത്രി വീണാ ജോർജിന് യാത്രാനുമതി നിഷേധിച്ചെന്ന ആരോപണത്തിൽ വിമർശനം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു ദിവസത്തേക്ക് മന്ത്രി പോയിട്ടെന്ത് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടൽ നടത്തിയെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ദുരന്തത്തിൽ മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതിനാലാണ് പലരും വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകുന്നത്. കേരളത്തിന് ജോലി നൽകാനുള്ള പ്രാപ്തിയുണ്ടെന്നും ദീർഘകാല അടിസ്ഥാനത്തിൽ ഇതിന് പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക കേരള സഭയുടെ ഒരുക്കങ്ങൾ തുടങ്ങിയിട്ട് ഒരുപാട് ദിവസമായെങ്കിലും മൂന്ന് ദിവസം മുൻപ് മാത്രമാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലം ബോംബ് രാഷ്‌ട്രീയത്തിനും കലാപത്തിനും എതിരായ തിരിച്ചടിയെന്നും ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.