ഒമാ നെതിരെ മികച്ച വിജയം സ്വന്തമാക്കി സൂപ്പർ 8 സാധ്യത നിലനിർത്തി ഇംഗ്ലണ്ട്. 8 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഒമാൻ ഉയർത്തിയ 47 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 3.1 ഓവറിൽ മറികടക്കുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ ആദിൽ റഷീദാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. ടൂർണമെന്റിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണിത്. സ്‌കോർ: ഒമാൻ 47 ഇംഗ്ലണ്ട് 50/2
ഇംഗ്ലീഷ് പടയുടെ ബൗളിംഗ് കരുത്തിന് മുന്നിൽ ഇന്നിംഗ്‌സിന്റെ തുടക്കം മുതൽ ഒമാൻ അടിയറവു പറയുകയായിരുന്നു. 13.2 ഓവറിൽ ഒമാൻ 47 റൺസിൽ പുറത്തായി. ഷൊയ്ബ് ഖാനാണ്(11) ഒമാൻ നിരയിൽ രണ്ടക്കം കടന്ന ഏക ബാറ്റർ. പ്രതിക് അതാവാലെ (5), കശ്യപ് പ്രജാപതി (9), ആഖ്വിബ് ഇല്യാസ് (8), സീഷാൻ മഖ്സൂദ് (1), ഖാലിദ് കെയ്ൽ (1), അയാൻ ഖാൻ (1), മെഹ്റാൻ ഖാൻ (0), ഫയാസ് ബട്ട് (2), കലീമുള്ള (5), ബിലാൽ ഖാൻ (0*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോർ. ആദിൽ റഷീദ് നാല് വിക്കറ്റും ജോഫ്ര ആർച്ചർ,മാർക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും വീഴ്‌ത്തി.
ഒമാൻ ഉയർത്തിയ വിജയലക്ഷ്യം അതിവേഗം മറികടക്കുക എന്നതായിരുന്നു ഇംഗ്ലണ്ടിന്റെ മുന്നിലുള്ള ലക്ഷ്യം. നായകൻ ജോസ് ബട്ലറും (24*), ജോണി ബെയ്ര്‍സ്റ്റോയും (8*) ചേർന്നാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ഫിൽ സാൾട്ട്(12), വിൽ ജാക്‌സ് (5) എന്നിവരുടെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. ജയത്തോടെ സൂപ്പർ എട്ടിലെത്താനുള്ള സാധ്യതകൾ ഇംഗ്ലണ്ട് നിലനിർത്തി.