എറണാകുളം: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. ദുരന്തത്തിൽ മരിച്ച 45 പേരുടെ മൃതദേഹമാണ് വിമാനത്തിലുള്ളത്. രാവിലെ 10. 21 ഓടെയാണ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. 23 മലയാളികളുടേതും 7 തമിഴ്‌നാട് സ്വദേശികളുടേയും 1 കർണാടക സ്വദേശിയുടേയും ഉൾപ്പെടെ 31 പേരുടെ മൃതശരീരങ്ങളാണ് കൊച്ചിയിൽ ഇറക്കുന്നത്. ശേഷം ഡൽഹിയിലേക്ക് വിമാനം പുറപ്പെടും.
എമിഗ്രേഷൻ നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹങ്ങൾ പൊതു ദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. ഓരോ ഭൗതികശരീരവും കൊണ്ടുപോകുന്നതിന് പ്രത്യേകം ആംബുലൻസും ക്രമീകരിച്ചിട്ടുണ്ട്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും വിമാനത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും അന്തിമോപചാരം അർപ്പിക്കും. പൊതുദർശനം 1 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി മൃതദേഹം ജന്മനാടുകളിലേക്ക് കൊണ്ടു പോകാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.