സുരേഷ് ഗോപിയുമായും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുമായും അടുത്ത സൗഹൃദമാണ് നടി ശ്വേതാ മേനോന്. സ്മൃതി ഇറാനിയെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയതിലുള്ള സന്തോഷവും ഒരുമിച്ചുള്ള ഫോട്ടോയും താരം സമൂഹമാധ്യമങ്ങളിൽ അടുത്തിടെ പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വിജയത്തെപ്പറ്റിയും സ്മൃതി ഇറാനിക്ക് നേരിടേണ്ടി വന്ന പരാജയത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് ശ്വേതാ മേനോൻ. സ്മൃതി ഇറാനി ഒരു ഫൈറ്റർ ആണെന്നും അവർ തിരിച്ചു വരുമെന്നും ശ്വേതാ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
“സ്കൂളിൽ പഠിക്കുമ്പോഴാണ് ‘നക്ഷത്ര കൂടാരം’ ചെയ്യുന്നത്. അന്നു തൊട്ടുള്ള ബന്ധമാണ് സുരേഷേട്ടനുമായി. വളരെ ഇമോഷണലാണ് അദ്ദേഹം. വ്യക്തി എന്ന നിലയിലുള്ള ജയമാണ് അദ്ദേഹത്തിന്റേത്. ഇനിയാണ് സുരേഷേട്ടൻ ഒരു രാഷ്‌ട്രീയക്കാരനായി മാറേണ്ടത്. അദ്ദേഹം അമ്മയുടെ മെമ്പർ ആണ്, ഇതുവരെ എന്തെല്ലാം ചെയ്തോ അതെല്ലാം വ്യക്തിപരമാണ്. അദ്ദേഹത്തെ ആൾക്കാർക്ക് മനസ്സിലായി. കൊറോണ സമയത്ത് അദ്ദേഹം ഒരുപാട് പേരെ സഹായിച്ചു. നല്ല ഒരു മനസ്സുള്ളയാളാണ് സുരേഷേട്ടൻ”.
“സ്മൃതി ഇറാനി ഒരു യോദ്ധാവാണ്. 1996-ൽ തിരക്ക് കാരണം ഒരു ഷോ എനിക്ക് മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ അത് ഏറ്റെടുത്തു നടത്തിയത് സ്മൃതി ഇറാനിയാണ്. അന്നത്തെ സ്മൃതി അല്ല ഇന്ന്. അന്നും പൊളിറ്റിക്കലി അവർ സ്ട്രോങ്ങ് ആയിരുന്നു. ഒരു സ്പോർട്സ്മാൻ സ്പിരിറ്റുള്ള ആളാണ്. തോറ്റാലും ജയിക്കാനുള്ള വാശി അവർക്കുണ്ട്. ഫൈറ്റ് ചെയ്യാനുള്ള സ്പിരിറ്റുള്ള സ്ത്രീയാണ്. അവർ തിരിച്ചുവരും”- ശ്വേതാ മേനോൻ പറഞ്ഞു.