10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാൻ തീരുമാനിച്ച് കെനിയ . . പതിറ്റാണ്ടുകളായി കെനിയയുടെ വ്യത്യസ്ത പ്രദേശങ്ങളിലുള്ളവർ ഇന്ത്യൻ ഹൗസ് ക്രോസ് എന്നറിയപ്പെടുന്ന കാക്കകളുടെ ശല്യം സഹിച്ച് ജീവിക്കുകയാണ്.
മാത്രമല്ല കെനിയയിലെ പ്രാദേശിക പക്ഷി ഇനങ്ങളുടെ നിലനിൽപ്പിനെയും കാക്കകളുടെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് അവയുടെ എണ്ണം കുറയ്‌ക്കാൻ കെനിയ വൈൽഡ് ലൈഫ് സർവീസ് തീരുമാനിച്ചിരിക്കുന്നത് .1940കളിലാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യൻ കാക്കകൾ എത്തിയത്. എണ്ണം പെരുകിയതോടെ അവ പല പ്രദേശങ്ങളും കൈയ്യടക്കുന്ന സ്ഥിതിയുണ്ടായി
2024 ന്റെ അവസാനമെത്തുന്നതോടെ രാജ്യത്തുനിന്നും 10 ലക്ഷം ഇന്ത്യൻ കാക്കകളെ കെനിയയിൽ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം.കെനിയയിലെ തീരമേഖലയിലുള്ള ജനങ്ങൾ കാക്കകളുടെ ശല്യത്തെ പറ്റി നിരന്തരം ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നു. കർഷകരും ഹോട്ടലുടമകളുമാണ് പരാതിക്കാരിൽ ഭൂരിഭാഗവും.
വംശനാശഭീഷണി നേരിടുന്ന പ്രാദേശിക പക്ഷികളെ വേട്ടയാടുന്ന കെനിയയിലെ കാക്കകൾ പൊതുവേ ആക്രമകാരികളാണ്. ഇവയുടെ സാന്നിധ്യം മൂലം കെനിയയുടെ തീരദേശ മേഖലയിലെ പല പക്ഷി വർഗ്ഗങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
ഹോട്ടൽ വ്യവസായ മേഖലയിൽ നിന്നുള്ള പ്രതിനിധികളും ഹൗസ് ക്രോ കൺട്രോൾ വിഭാഗത്തിൽ നിന്നുള്ള വിദഗ്ധരും വൈൽഡ് ലൈഫ് റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടുന്ന സമിതിയാണ് ഇത് സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.യന്ത്രങ്ങളും ടാർഗെറ്റിങ് രീതികളും ഉപയോഗിച്ച് കാക്കകളെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. ഇതിനുപുറമേ കെനിയ പെസ്റ്റ് കൺട്രോൾ ആൻഡ് പ്രൊഡക്‌ട്‌സ് ബോർഡ് ഹോട്ടലുടമകൾക്ക് ലൈസൻസുള്ള വിഷം ഇറക്കുമതി ചെയ്യാൻ അനുമതിയും നൽകിയിട്ടുണ്ട്.
നേരത്തേ സൗദി അറേബ്യയും കാക്കകളെ തുരത്താൻ നടപടി സ്വീകരിച്ചിരുന്നു.