ന്യൂഡൽഹി: ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ കുവൈത്തിലെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ്. അപകടത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെയാണ് മന്ത്രി കുവൈത്തിലേക്ക് തിരിച്ചത്. കുവൈത്തിലെ ജബേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 6 ഇന്ത്യക്കാരെയാണ് കീർത്തി വർദ്ധൻ സിംഗ് സന്ദർശിച്ചത്. ഇവർ സുരക്ഷിതരാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
പരിക്കേറ്റവരുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായവും പിന്തുണയും മന്ത്രി ഉറപ്പു നൽകി. കൂടാതെ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അടിയന്തരമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് എയർ ഫോഴ്സ് വിമാനങ്ങൾ സജ്ജമാണെന്ന് അദ്ദേഹം നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവർ പങ്കെടുത്തിരുന്നു. തുടർന്നാണ് ദുരന്ത ബാധിതരായ ഇന്ത്യക്കാർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ വിദേശകാര്യ സഹമന്ത്രിയെ കുവൈത്തിലേക്ക് അയച്ചത്. 24 മലയാളികളുൾപ്പെടെ 49 ഇന്ത്യക്കാരാണ് കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്.