ശ്രീനഗർ : 9 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്ത റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്. ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രത്യേക അവലോകന യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം സംസാരിച്ചു. തുടർന്നായിരുന്നു പൊലീസ് നടപടി.
1995 നും 2005 നും ഇടയിൽ ഭീകരവാദ കേന്ദ്രങ്ങളായിരുന്ന റിയാസി ജില്ലയിലെ അർനാസ്, മഹോർ പ്രദേശങ്ങളിൽ തീവ്രവാദികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ കണ്ടെത്താനാണ് പൊലീസ് നീക്കം. തുടർച്ചയായി നാല് ഭീകരാക്രമണങ്ങൾ നടന്ന സാഹചര്യത്തിൽ സായുധസേനയുടെ ഭീകരവിരുദ്ധ സ്‌ക്വാഡിനെ പ്രശ്നബാധിത മേഖലകളിൽ വിന്യസിക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകരുമായി പോയ ബസിന് നേരെ ഭീകരാക്രമണമുണ്ടായത്. ശിവ് ഖോരി ക്ഷേത്രത്തിൽ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് പോകും വഴി ബസ്സിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. റിയാസിക്കു പുറമെ കത്വ ജില്ലയിലെ ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച ഭീകരർ വെടിയുതിർത്തിരുന്നു. തൊട്ടടുത്ത ദിവസം ദോഡ ജില്ലയിൽ സൈനീക ക്യാമ്പിനുനേരെ യുണ്ടായ ആക്രമണത്തിൽ 5 സൈനികർക്ക് പരിക്കേറ്റിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന രണ്ട് ഭീകരരുടെ രേഖാചിത്രങ്ങൾ റിയാസി പൊലീസ് പുറത്തുവിട്ടിരുന്നു. അവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.