ഉണ്ണി മുകുന്ദൻ മാസ് ലുക്കിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർകോ. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്ന താരത്തിന്റെ പുതിയ ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ മാസം 16-നാണ് ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദനാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്.
ഹനീഫ് അദേനിയാണ് മാർകോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമാ മേഖലയിൽ നിന്നുള്ള ഏറ്റവും മികച്ച ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും മാർകോ എന്നാണ് പ്രതീക്ഷിക്കുന്നത്. നിവിൻ പോളി നായകനെത്തിയ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർകോ ജൂനിയർ എന്ന കഥാപാത്രത്തിന്റെ നായകവേഷമാണ് മാർകോയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക.\
ഷരീഫ് മുഹമ്മദും അബ്ദുൾ ഗദാഫും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ തിയേറ്ററിലെത്തിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഗരുഡൻ എന്ന തമിഴ് ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമ. തമിഴ്നാട്ടിലും കേരളത്തിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദനെ കൂടാതെ തമിഴ് താരം സൂരിയും ശശികുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.