കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ നടുക്കത്തിലാണ് കുവൈത്ത്. ഇതിന് മുമ്പ് 2009-ലാണ് രാജ്യത്തെ ഞെട്ടിച്ച തീപിടിത്തമുണ്ടായത്. ഓഗസ്റ്റ് 15-ന് ജഹ്‌റ ഗവർണറേറ്റിലെ ഒയൂനിൽ ഒരു കല്യാണച്ചടങ്ങിനിടെയായിരുന്നു ദുരന്തം. അപകടത്തിൽ 57 പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചതിന് പ്രതികാരം ചെയ്യാനിറങ്ങിയ 23കാരിയാണ് ദുരന്തത്തിന് കാരണമായത്. നസ്ര യൂസഫ് മുഹമ്മദ് അൽ ഇനേസി എന്ന യുവതി വിവാഹച്ചടങ്ങ് നടക്കുകയായിരുന്ന ടെന്റിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അപകടത്തിൽ 57 പേരുടെ ജീവൻ നഷ്ടപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തീകൊളുത്തി മൂന്ന് മിനിറ്റിനകം ടെന്റ് ആളിക്കത്തുകയായിരുന്നു. ടെന്റിന് പുറത്തേക്കും അകത്തേക്കും പ്രവേശിക്കാൻ ഒരേയൊരു വാതിൽ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ ദുരന്തത്തിന്റെ തീവ്രത വർദ്ധിച്ചു. തൊട്ടടുത്ത ദിവസം അറസ്റ്റിലായ നസ്രയെ കുവൈത്ത് സർക്കാർ തൂക്കിലേറ്റി.
കഴിഞ്ഞ ദിവസം കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 22 മലയാളികളുൾപ്പെടെ 49 പേരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. 50 ഓളം പേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 9 പേരുടെ നില ഗുരുതമാണ്.