കശ്മീർ: റിയാസി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും കുടുംബാംഗങ്ങളെ സന്ദർശിച്ച് ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്ന. ഈ രാജ്യം മുഴുവൻ അവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ” ഭീരുക്കളായ പാകിസ്താനികൾ വലിയൊരു പാപമാണ് ചെയ്തിരിക്കുന്നത്. റിയാസിയിലുണ്ടായ ഭീകരാക്രമണത്തിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ ഏതൊരാളും പതറിപ്പോകുന്ന സാഹചര്യത്തിലും അസാമാന്യ ധൈര്യം കാണിച്ചാണ് ബസ് ഡ്രൈവറായ വിജയ് കുമാർ തന്റെ ജീവൻ നൽകി രക്തസാക്ഷിയായത്. അതേപോലെ തന്നെയാണ് കത്രയിൽ നിന്നുള്ള ബസ് ഡ്രൈവർ അരുണും. അവർ വളരെ ധൈര്യപൂർവ്വമാണ് സാഹചര്യങ്ങളെ നേരിട്ടത്. തീവ്രവാദികളുടെ വലിയ ഗൂഢാലോചനയാണ് അവർ തകർത്തത്. ഇരുവരുടേയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും” രവീന്ദർ പറയുന്നു. ഇരുവരുടേയും കുടുംബാംഗങ്ങളെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ രവീന്ദർ സമൂഹമാദ്ധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്.
മനുഷ്യരാശിയ്‌ക്കെതിരായ വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. സുരക്ഷാ സേനയിലും ജമ്മു കശ്മീർ പൊലീസിലും ജനങ്ങൾ വിശ്വാസമർപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കുറ്റക്കാരെ ഒരു കാരണവശാലും വെറുതെ വിടില്ല. തീവ്രവാദികളെ ഇല്ലാതാക്കുന്നത് വരെ സുരക്ഷാ സേനാംഗങ്ങൾക്ക് വിശ്രമമുണ്ടാകില്ലെന്നും” അദ്ദേഹം പറയുന്നു. റിയാസി ഭീകരാക്രമണത്തിലെ പ്രതികളിലൊരാളുടെ രേഖാചിത്രം കശ്മീർ പൊലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപം പാരിതോഷികം നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.