രേ ണുക സ്വാമി കൊലപാതക കേസിൽ പിടിയിലായ കന്നട നടൻ ദർശൻ തൂഗുദീപ വിവാഹതിനായിരുന്നപ്പോഴും നടി പവിത്ര ഗൗഡയുമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. പതിറ്റാണ്ടുകളുടെ ബന്ധമാണ് നടനുമായി ഉണ്ടായിരുന്നതെന്ന് ചോദ്യം ചെയ്യലിൽ നടി വ്യക്തമാക്കി. 2003ലാണ് വിജയലക്ഷ്മിയുമായി നടന്റെ വിവാഹം കഴിഞ്ഞത്. ഇക്കാലയളവിലും പവിത്രയുമായി ദർശൻ വിവാഹേതര ബന്ധം തുടർന്നിരുന്നു.
പവിത്രയെ രേണുകസ്വാമി അധിക്ഷേപിച്ച കാര്യം അറിയുമ്പോൾ ഫാർമസിസ്റ്റായ 33-കാരൻ നടൻ ഉള്ളിടത്ത് നിന്ന് 200 കിലോ മീറ്റർ ദൂരെയായിരുന്നു. ചിത്രാദുർഗയിലെ ആരാധക സംഘ തലവൻ രാഘവേന്ദ്രയെയാണ് നടൻ ബന്ധപ്പെടുന്നത്. രേണുക സ്വാമിയെ ബെംഗളൂരുവിൽ എത്തിക്കാനും പറഞ്ഞു.
വ്യാജ ഫേസ്ബുക്ക് പ്രാെഫൈൽ ഉണ്ടാക്കിയാണ് രേണുകയെ ആരാധക സംഘം ബന്ധെപ്പട്ടത്. ഇതിനായി സ്ത്രീയായി വേഷം കെട്ടിയെന്നും സംശയിക്കപ്പെടുന്നുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോയി കാമാക്ഷി പാളയത്തെ വെയർഹൗസിലെത്തിച്ച് ആരാധക സംഘം തല്ലിച്ചതച്ചു. വൈകിട്ട് ദർശനും അനുയായികളുമെത്തി രണ്ടാം തവണയും യുവാവിനെ മർദ്ദിച്ച് അവശനാക്കി. ഇതിന് ശേഷം നടിയും അവിടെയെത്തി. തുടർന്ന് മൂന്നാം തവണയും ക്രൂരമായ പീഡനം തുടരുമ്പോഴാണ് യുവാവ് കാെല്ലപ്പെടുന്നത്.
രേണുക സ്വാമിയുടെ മൂക്കും വായും താടിയെല്ലും തകർന്നിരുന്നു. ശരീരമാസകലം പാെള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. ഇരുമ്പ് പൈപ്പ് വച്ച് പൊള്ളിച്ചതിന്റേയായിരുന്നു ഇത്. ദർശനടക്കം പത്തുപേരാണ് ക്രൂരതയ്‌ക്ക് പിന്നിൽ. തുടരെ തുടരെ യുവാവിനെ ചുവരിൽ ഇടിപ്പിച്ചെന്നും പാെലീസ് റിപ്പോർട്ടിൽ പറയുന്നു. അരിശം അടങ്ങാത്ത ദർശൻ ബെൽറ്റിനും യുവാവിനെ മർദ്ദിച്ചു. ഇതിന് പിന്നാലെ രേണുക സ്വാമി ബോധരഹിതനായപ്പോൾ ആരാധക സംഘം തടിയും കമ്പും ഉപയോഗിച്ച് മർദ്ദനം തുടരുകയായിരുന്നു.
ജൂൺ പത്തിന് കാമാക്ഷി പാളയത്തെ പൊലീസ് സ്റ്റേഷനിൽ രണ്ടുപേരെത്തി സാമ്പത്തിക തർക്കത്തിന്റെ പേരിൽ രേണുക സ്വാമിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞു. പിന്നീട് പൊലീസ് ഫോൺ രേഖകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ദർശന്റെയും പവിത്രയുടെയും പങ്ക് വെളിപ്പെട്ടത്. അതേസമയം കൊലക്കുറ്റമേൽക്കാൻ നടൻ 15 ലക്ഷം രൂപ മൂന്ന് പേർക്ക് വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ അറസ്റ്റിലായ നടനടക്കമുള്ളവർ 17 വരെ പാെലീസ് കസ്റ്റഡിയിലാണ്.