സാവോപോളോ : ആക്ടിവിസ്റ്റും സാമൂഹിക നിരൂപകനുമായ നോം ചോംസ്‌കിക്ക് മസ്തിഷ്‌കാഘാതം ഉണ്ടായെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്നും അദ്ദേഹത്തിന്റെ ഭാര്യ സ്ഥിരീകരിച്ചു. 95 കാരനായ നോം ചോംസ്‌കിയെ കഴിഞ്ഞ വർഷം ജൂൺ മുതൽ പൊതുവേദികളിൽ കണ്ടിട്ടില്ല. ഹാമസ് നടത്തിയ ഭീകരക്രമണത്തെ തുടർന്ന് ഉണ്ടായ യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിൽ അദ്ദേഹത്തിന്റെ അഭാവത്തെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നു .
പ്രമുഖ പലസ്തീൻ പക്ഷപാതിയും ഇസ്രായേൽ വിരുദ്ധനുമായ നോം ചോംസ്‌കി കഴിഞ്ഞ ഒരു വർഷമായി ഈ വിഷയത്തെക്കുറിച്ചുള്ള പ്രകടനങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും വിട്ടുനിന്നിരുന്നു .
കഴിഞ്ഞ വർഷം ജൂണിൽ ഉണ്ടായ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഇദ്ദേഹം ഇപ്പോൾ തന്റെ രാജ്യമായ ബ്രസീലിലെ സാവോ പോളോ ആശുപത്രിയിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ വലേരിയ ചോംസ്‌കി ഇമെയിൽ വഴി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. അസുഖം ഉണ്ടായെങ്കിലും അമേരിക്ക വിടാൻ പര്യാപ്തമായപ്പോൾ രണ്ട് നഴ്‌സുമാർക്കൊപ്പം ആംബുലൻസ് ജെറ്റിൽ യാത്ര ചെയ്താണ് ബ്രസീലിൽ എത്തിയത്.
ചോംസ്‌കിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അസുഖം ശരീരത്തിന്റെ വലതുഭാഗത്തെ ബാധിച്ചിട്ടുണ്ടെന്നുമായി ബ്രസീലിയൻ പത്രമായ ഫോൾഹ ഡി എസ് പൗലോയിൽ വന്ന റിപ്പോർട്ടുകൾ ശ്രീമതി വലേരിയ ചോംസ്‌കി സ്ഥിരീകരിച്ചു. ന്യൂറോളജിസ്റ്റും സ്പീച്ച് തെറാപ്പിസ്റ്റും ശ്വാസകോശ വിദഗ്ദരും ദിവസവും അദ്ദേഹത്തെ പരിശോധിക്കാറുണ്ടെന്ന് അവർ പറഞ്ഞു. 2014-ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. 2015 മുതൽ ദമ്പതികൾക്ക് ബ്രസീലിൽ താമസമുണ്ട്.
നിറയെ സൂര്യപ്രകാശമേൽക്കുന്ന ഒരു സ്ഥലത്ത് താമസിക്കുന്നത് സ്തിഷ്‌കാഘാത രോഗികളെ സഹായിക്കുമെന്നതിനാൽ റിയോ ഡി ജനീറോയിലെ ബീച്ചിനടുത്തുള്ള ഒരു അപ്പാർട്ട്‌മെൻ്റിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് അവർ പറഞ്ഞു.
മിഡിൽ ഈസ്റ്റ് മുതൽ മധ്യ/ലാറ്റിൻ അമേരിക്ക വരെയുള്ള എല്ലാ കാര്യങ്ങളിലും യുഎസ് നയത്തെ നിരന്തരം വെല്ലുവിളിച്ച നോം ചോംസ്‌കി ആഗോളതലത്തിൽ സ്വാധീനമുള്ള ഒരു ആക്ടിവിസ്റ്റും വിമർശകനുമാണ്. പ്രതിഷേധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി ലോകമെമ്പാടുമുള്ള പലരും കാണുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും ദശലക്ഷക്കണക്കിന് ആളുകൾ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.
മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എം ഐ ടി ) ദീർഘകാലം ഫാക്കൽറ്റി അംഗമായിരുന്നു ചോംസ്‌കി. 2017-ൽ അദ്ദേഹം ട്യൂസണിലെ അരിസോണ സർവകലാശാലയിലെ കോളേജ് ഓഫ് സോഷ്യൽ & ബിഹേവിയറൽ സയൻസസിൽ ചേർന്നു, അവിടെ അദ്ദേഹം നിലവിൽ ആഗ്നീസ് ഹെൽംസ് ഹൗറി ചെയർ ഓഫ് ലിംഗ്വിസ്റ്റിക്‌സിന്റെ ലോറിയേറ്റ് പ്രൊഫസറായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
1957-ലെ “സിൻ്റക്റ്റിക് സ്ട്രക്ചേഴ്സ്” ( Syntactic Structures ) എന്ന പുസ്തകത്തിലൂടെ അദ്ദേഹം ഭാഷാശാസ്ത്ര പഠനത്തെ മാറ്റിമറിച്ചു. അതിൽ മനുഷ്യർ ഭാഷ പഠിക്കുക മാത്രമല്ല, മുമ്പ് കണ്ടിട്ടില്ലാത്തതോ കേട്ടിട്ടില്ലാത്തതോ ആയ വാക്യങ്ങൾ എങ്ങനെ രൂപപ്പെടുത്താനും മനസ്സിലാക്കാനും കഴിയുമെന്ന് വിശദീകരിക്കുന്ന സഹജമായ കഴിവുമായാണ് ജനിച്ചതെന്ന് അദ്ദേഹം സ്‌ഥാപിച്ചു.