ന്യൂഡൽഹി: തീവ്രവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘങ്ങൾക്ക് കാനഡ രാഷ്‌ട്രീയ ഇടം നൽകുന്നതാണ് പ്രധാന പ്രശ്നമെന്ന് ആവർത്തിച്ച് ഇന്ത്യ. പലതവണ ഇതിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാനഡ ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര. വഷളായ ഇന്ത്യ-കാനഡ ബന്ധത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള വലതുപക്ഷ ശക്തികളുടെ ഉയർച്ചയെക്കുറിച്ചുള്ള ട്രൂഡോയുടെ സമീപകാല പരാമർശങ്ങളെക്കുറിച്ചുമുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ജനാധിപത്യം എങ്ങനെ പ്രവർത്തിക്കണമെന്ന് മറ്റൊരാൾ ചിന്തിക്കുന്നതിനെക്കുറിച്ച് ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മുടെ ജനാധിപത്യം എന്താണെന്ന് വ്യക്തമായ തെളിവുകളോടെ ദൃശ്യമാണ് ,” അദ്ദേഹം പറഞ്ഞു. ഏകദേശം 640 ദശലക്ഷം ജനങ്ങളാണ് തെരഞ്ഞെടുപ്പിൽ പങ്കാളികളായതെന്നും ഊർജ്ജസ്വലമായ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ ലോകമെമ്പാടും അംഗീകരിച്ചതും അഭിനന്ദിക്കപ്പെട്ടതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയനിലെയും ഇന്ത്യയിലെയും തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു ട്രൂഡോയുടെ പരോക്ഷ പരാമർശം. ഖാലിസ്‌ഥാൻ തീവ്രവാദിയായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകാൻ ഇടയാക്കിയിരുന്നു.